മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. മറയൂരിന് സമീപം തലയാറിലാണ് സംഭവം. ഷാജി കൈലാസിന്റെ പുതിയ ചിത്രം വരവിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൊക്കേഷനിൽ നിന്ന് തിരികെ തലയാറിലേക്ക് വരുമ്പോഴാണ് അപകടം.
കഴിഞ്ഞ ദിവസമാണ് വരവിന്റെ ലൊക്കേഷനിൽ ജോജു ജോയിൻ ചെയ്തത്. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ എത്തുന്നത്. ജോജു ജോർജ്- ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.
വൻ മുതൽമുടക്കിലും വമ്പൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ഷാജി കൈലാസിന്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എ കെ സാജനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.
















