അജിത് കുമാർ നായകനായ ആധിക് രവിചന്ദ്രൻ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഒടുവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് പുനരാരംഭിച്ചു. ഇളയരാജയുടെ ഗാനങ്ങൾ നീക്കം ചെയ്ത പുതിയ പതിപ്പാണ് ഇപ്പോൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ ലഭ്യമായിരിക്കുന്നത്.
ഗാനങ്ങളുടെ അവകാശ തർക്കത്തെ തുടർന്ന്, ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സിനിമയുടെ പ്രദർശനം കോടതി താത്കാലികമായി വിലക്കുകയും ചെയ്തിരുന്നു.
ഇളയരാജയുടെ ഗാനങ്ങൾ ഒഴിവാക്കിയതോടെ, ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമയിൽ വലിയ സംഗീതപരമായ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്ന ‘ഒത്ത റൂബ താരേൻ’, ‘ഇളമൈ ഇദോ ഇദോ’ എന്നീ ഇളയരാജ ഗാനങ്ങളാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
‘ഇളമൈ ഇദോ ഇദോ’ എന്ന ഗാനത്തിനു പകരമായി, സിനിമയിലെ തന്നെ ‘പുലി പുലി’ എന്ന ഗാനമാണ് പുതിയ പതിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ‘ഒത്ത റൂബ താരേൻ’ എന്ന ഗാനത്തിനു പകരമായി, ചിത്രത്തിന്റെ തീം സോങ് ആണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്.
അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് സിനിമ ഒടിടിയിൽ നിന്ന് നീക്കം ചെയ്യാൻ കാരണമായത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
















