ജിഎസ്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി (Growth Suppressing Tax – GST ) എന്നും നിലവിലുള്ള പരിഷ്‌കരണങ്ങള്‍ അപര്യാപ്തമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു. ജിഎസ്ടി ക്രമത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതികളുടെ ഉടമസ്ഥാവകാശം പ്രധാനമന്ത്രി അവകാശപ്പെടുന്നതിനെ ജയറാം രമേശ് വിമര്‍ശിച്ചു.
ഭരണഘടനാ സ്ഥാപനമായ ജിഎസ്ടി കൗണ്‍സില്‍ ജിഎസ്ടി ക്രമത്തില്‍ വരുത്തിയ ഭേദഗതികളുടെ പൂര്‍ണ ഉടമസ്ഥാവകാശം അവകാശപ്പെടാനാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്. ജിഎസ്ടി വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വളരെക്കാലമായി വാദിക്കുന്നു. 2017 ജൂലൈ മുതല്‍ തന്നെ ഞങ്ങള്‍ ഒരു ജിഎസ്ടി 2.0 ആവശ്യപ്പെടുന്നുണ്ട്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ ഏറ്റവും പ്രധാന ഉറപ്പായിരുന്നു. അത് – അദ്ദേഹം പറഞ്ഞു. ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തമെന്നും ജയറാം രമേശ് പറഞ്ഞു.
നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി ഇളവുകള്‍ ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തിലാകുന്നതോടെ അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വില കുറയും.
നാളെ മുതല്‍ അഞ്ച് ശതമാനം, 18 ശതമാനം എന്നീ രണ്ട് നികുതി സ്ലാബുകള്‍ മാത്രം. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബില്‍ വരുമെന്ന് പ്രധാനമന്ത്രി. അവശ്യവസ്തുക്കള്‍ക്കും ടിവി, ബൈക്ക്, കാര്‍, എ സി എന്നിവയ്ക്കും വില കുറയും. വീട് നിര്‍മാണത്തിന് ചിലവ് കുറയും. സ്വാശ്രയ ഭാരതത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്നും ഓരോ വീടും കടയും സ്വദേശി ഉത്പന്നങ്ങള്‍ കൊണ്ട് നിറയണമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം. പൗരന്മാര്‍ ദൈവങ്ങളെന്നതാണ് പുതുമന്ത്രം.
STORY HIGHLIGHT : Jairam Ramesh says GST reforms inadequate
















