സ്ത്രീധന പീഡനത്തിന് പിന്നാലെ യുവതിയെ വിഷപ്പാമ്പിനൊപ്പം മുറിയില്‍ പൂട്ടിയിട്ടെന്ന പരാതിയുമായി യുവതി. ഭര്‍ത്താവ് ഷാനവാസും മറ്റ് ആറുപേരും ചേര്‍ന്ന് സെപ്റ്റംബര്‍ പതിനെട്ടാം തീയതിയാണ് തന്നെ വിഷപ്പാമ്പിനൊപ്പം മുറിയില്‍ പൂട്ടിയിട്ടതെന്നും തനിക്ക് പാമ്പിന്റെ കടിയേറ്റതായും രേഷ്മ പറഞ്ഞു.
രക്ഷിക്കണമെന്ന് അപേക്ഷിച്ചിട്ടും ആരും ചെവിക്കൊണ്ടില്ലെന്നും പിന്നീട് തന്റെ ജ്യേഷ്ഠസഹോദരി റിസ്വാനയാണ് തന്നെ ഉര്‍സലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും രേഷ്മ വ്യക്തമാക്കി. കടുത്തവിഷമുള്ള പാമ്പിന്റെ കടിയേറ്റ ലക്ഷണങ്ങളാണ് യുവതി പ്രകടിപ്പിക്കുന്നതെന്നും പ്രതിരോധ മരുന്ന് നല്‍കിയുള്ള ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രേഷ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി കേണല്‍ഗഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ വിനീത് കുമാർ പറഞ്ഞു.
2021 മാര്‍ച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. വിവാഹം നടന്ന് കുറച്ചുനാളുകള്‍ക്കുള്ളില്‍തന്നെ അഞ്ചുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡനം ആരംഭിച്ചിരുന്നു. കുറച്ചുകാലം മുന്‍പ് 1.5 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ രേഷ്മയുടെ വീട്ടുകാര്‍ അത് നല്‍കിയിരുന്നു. വീണ്ടും ഇത്തരത്തിൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകില്ല എന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ഇതോടെയാണ് പീഡനം വർധിച്ചു. സെപ്റ്റംബര്‍ 18-ാം തീയതി തനിച്ച് കിടന്നുറങ്ങാന്‍ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേർന്ന് നിർബന്ധിച്ചിരുന്നു. ഇതിന് ശേഷമാണ് പാമ്പിനെ മുറിക്കുള്ളിലാക്കി പൂട്ടിയത്. രേഷ്മയുടെ കാലിലാണ് പാമ്പിന്റെ കടിയേറ്റത്.
STORY HIGHLIGHT: Cruelty in the name of dowry
















