സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘കാന്താര: ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്ത്. പൃഥ്വിരാജ് സുകുമാരൻ ആണ് ഔദ്യോഗികമായി ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം ചെയ്തത്. ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച ചിത്രത്തിനായി ഏറെ ആവേശത്തിലാണ് ആരാധകർ. രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ അതിഗംഭീര കഥാഗതിയും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും പ്രേക്ഷർക്കായി ഒരുക്കുന്നു. കാന്താര: ചാപ്റ്റർ 1 ട്രെയിലർ ഒരു ക്ലാസിക് നന്മ-തിന്മ സംഘർഷത്തിന്റെ സൂചനയാണ് നൽകുന്നത്. അരവിന്ദ് കശ്യപാണ് ക്യാമറ.സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാഥാണ്. ഒപ്പം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത് വിനേഷ് ബംഗ്ലാനും. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമ്മിക്കുന്ന കാന്താര ചാപ്റ്റർ 1- ന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.
2022-ൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു എന്നീ ഭാഷകളിൽ പുറത്തിറങ്ങി, ബ്ലോക്ക് ബസ്റ്റർ വിജയം കൊയ്ത കാന്താരയുടെ പ്രീക്വലായാണ് ‘കാന്താര: ചാപ്റ്റർ 1 എത്തുന്നത്. ഈ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും സോഷ്യൽ മീഡിയയിൽ വളരെ ട്രെൻഡിങ് ആകുകയും ഒട്ടനവധി ഓൺലൈൻ, ഓഫ്ലൈൻ ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ഹോംബാലെ ഫിലിംസ് പുറത്തുവിട്ട ഷൂട്ടിംഗ് രംഗങ്ങൾ യൂട്യൂബിൽ മാത്രം 7.1 മില്യൺ ആളുകളാണ് കണ്ടത്. ഇവയെല്ലാം തന്നെ ചിത്രത്തിലുള്ള ആരാധകരുടെ കടുത്ത പ്രതീക്ഷയെ സൂചിപ്പിക്കുന്നു.നീണ്ട മൂന്ന് വർഷമെടുത്ത്, വൻ സാങ്കേതിക തയ്യാറെടുപ്പുകളോടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. IMAX സ്ക്രീനുകളിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന കാന്താര: ചാപ്റ്റർ 1 വിസ്മയകരമായ ദൃശ്യങ്ങളും, അത്യുഗ്രൻ പശ്ചാത്തലസംഗീതവും, വലിയ കാൻവാസിലുള്ള മാസ്മരിക അവതരണവും വഴി വേറിട്ടൊരു അനുഭവമായിരിക്കും അവർക്ക് സമ്മാനിക്കുക. ഋഷഭ് ഷെട്ടിയുടെ സംവിധാനവും, ഹോംബാലെ ഫിലിംസ് എന്ന വമ്പൻ നിർമ്മാണകമ്പനിയും ഒരുമിക്കുമ്പോൾ, ഇത് ഇന്ത്യൻ സിനിമയിലെ തന്നെ വലിയ IMAX അനുഭവങ്ങളിലൊന്നാകുമെന്നാണ് പ്രതീക്ഷ. കാന്താര: ചാപ്റ്റർ 1 ഒക്ടോബർ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ലോക സിനിമയുടെ തന്നെ അഭിമാന ചിത്രങ്ങളിൽ ഒന്നായ കാന്താരയുടെ ഈ രണ്ടാം പതിപ്പ് ഏകദേശം 125 കോടി ബഡ്ജറ്റിലാണ് നിർമിച്ചിരിക്കുന്നത്. മാർക്കറ്റിംഗ് ആൻഡ് പി ആർ – വിവേക് രാമദേവൻ, ക്യാറ്റലി.
















