ദേശീയ പുരസ്കാര ജേതാവായ സജിൻ ബാബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമായ തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി റഷ്യയിലെ കസാനിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. റിമ കല്ലിങ്കൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ സിനിമ അഞ്ജന ടാക്കീസ് ആണ് നിർമിക്കുന്നത്. അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവരാണ് നിർമാതാക്കൾ. സന്തോഷ് കോട്ടായി നിർമാണ പങ്കാളിയുമാണ്. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നു.
സജിൻ ബാബു സംവിധാനം ചെയ്ത് കനി കുസൃതി പ്രധാന വേഷത്തിൽ എത്തിയ ബിരിയാണി എന്ന ചിത്രം നേരത്തെ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. കേരളത്തിൽ മറഞ്ഞുപോകുന്ന ആചാരങ്ങളെയും സ്ത്രീകളുടെ വിശ്വാസങ്ങളെയും ആഴത്തിൽ ചർച്ച ചെയ്യുന്ന തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി സമൂഹത്തിൽ നിലനിൽക്കുന്ന ഐതിഹ്യങ്ങൾക്കു പിന്നിലെ യഥാർഥ്യവും വരച്ചുകാട്ടുന്നു. ഈ വിഷയങ്ങൾ സാധാരണ മനുഷ്യരെ എങ്ങനെ സ്വാധീനിക്കുന്നു എന്നും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.
വ്യാപാര, സാംസ്കാരിക, നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ടാറ്റർസ്ഥാൻ-ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ് ഫോറത്തിൻ്റെ (TIME) സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് ചിത്രത്തിൻ്റെ ആദ്യ പ്രദർശനം. 2025 ഒക്ടോബർ 8നും 9നും റഷ്യയിലെ കസാനിൽ വെച്ച് നടക്കുന്ന ഈ ഫോറം, കലാമൂല്യവും സാംസ്കാരിക പ്രാധാന്യവുമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള പ്രത്യേക പരിപാടികൾക്കും ചർച്ചകൾക്കും ഫോറം വേദിയൊരുക്കുന്നുണ്ട്.
2025ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കുള്ള യാത്രയുടെ ആദ്യ അധ്യായമായിട്ടാണ് കസാൻ പ്രദർശനത്തെ കാണുന്നത്. കാൻസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിൻ്റെ ട്രെയിലർ പ്രദർശിപ്പിച്ചപ്പോൾത്തന്നെ സിനിമ അന്തർദേശീയ ശ്രദ്ധ നേടിയിരുന്നു. കലാമൂല്യത്തിനു പ്രാധാന്യം നൽകുന്ന ഈ ചിത്രം അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ വ്യാപ്തി വർധിപ്പിക്കുമെന്നുറപ്പാണ്.
















