‘ഞാനെന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെ ഉറക്കെ പാടും. അങ്ങനെ പാടി പാടി ചങ്കുപ്പൊട്ടി ചാവും’ നഷ്ടപ്രണയത്തിന്റെ അടയാളമായി പരിക്കൂട്ടി അഭ്രപാളി കീഴടക്കിയപ്പോൾ മധു എന്ന മഹാനടനും മലയാളിയുടെ മനസ്സിൽ ചേക്കേറി…
400ൽ ഏറെ സിനിമകളിൽ അഭിനയിച്ച, 12 സിനിമകൾ സംവിധാനം ചെയ്ത, 15 ഓളം സിനിമകൾ നിർമ്മിച്ച ഒരു നടൻ. രാജ്യം പത്മശ്രീയും കേരള സർക്കാർ ജെസി ഡാനിയേൽ അവാർഡും നൽകി ആദരിച്ച പ്രതിഭ. ഇതിഹാസ താരമെന്നോ മലയാള സിനിമയിലെ അതികായനെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. അതെ, മലയാളത്തിന്റെ കാരണവർ മധുവിന് ഇത് 92ാം പിറന്നാൾ
മലയാള സിനിമയിലെ ആണ്‍ജീവിതത്തിന് അഭ്രപാളിയില്‍ ഭാവം പകരാനുള്ള നിയോഗം ഏറെയും കൈവന്നത് മധുവിനായിരുന്നു.ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് … മലയാളത്തിന്റെ സെല്ലുലോയ്ഡില്‍ മധു പകര്‍ന്ന ഭാവതീക്ഷ്ണതകള്‍ സുവര്‍ണ്ണലിപികളില്‍ തന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായാണ് മധു ജനിച്ചത്. ഗൗരീശപട്ടത്തായിരുന്നു വീട്. നാല് സഹോദരിമാരായിരുന്നു മധുവിന് ഉണ്ടായിരുന്നത്.
പഠിക്കുന്ന കാലം മുതല്‍ക്കുതന്നെ നാടകത്തില്‍ സജീവമായിരുന്നു. ബനാറസ് ഹിന്ദിയില്‍ നിന്ന് പോസ്‌റ്റ് ഗ്രാജുവേഷന്‍ കരസ്‌ഥമാക്കി. അപ്പോഴും മധുവിന്‍റെ മനസില്‍ നിറയെ നാടകവും സിനിമയും ഉണ്ടായിരുന്നു.
എന്നാല്‍ അതെല്ലാം മനസില്‍ ഒതുക്കികൊണ്ട് അദ്ദേഹം കോളജ് അധ്യാപകനായി. നാഗര്‍ കോവില്‍ എസ് ടി കോളജിലും സ്കോട്ട് ക്രിസ്‌ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായി ജോലി ചെയ്തു.
അധ്യാപകന്‍ എന്ന നിലയില്‍ ജീവിതം മുന്നോട്ടു പോകുമ്പോഴും അഭിനയമെന്ന മോഹം അദ്ദേഹത്തെ വിട്ടുപോയില്ല. ആ സമയത്താണ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഒരു പരസ്യം പത്രത്തില്‍ കാണുന്നത്. അങ്ങനെ ജോലി രാജി വച്ച് ഡല്‍ഹിക്ക് പുറപ്പെട്ടു.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായിരുന്നു മധു. അവിടെ പഠിക്കുന്ന കാലത്താണ് ഗസറ്റ് ഫാക്കല്‍റ്റി ആയിരുന്ന രാമു കാര്യാട്ടുമായി പരിചയത്തിലാവുന്നത്. അത് വലിയ സൗഹൃദമായി വളര്‍ന്നു.
1962 ല്‍ രാമു കാര്യാട്ട് തന്‍റെ മൂടുപടം എന്ന സിനിമയിലൂടെ മധുവിനെ അവതരിപ്പിച്ചു. എന്നാല്‍ ആദ്യ ചിത്രം റിലീസാവാന്‍ വൈകി. പിന്നീട് ശോഭന പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ ആദ്യം പ്രദര്‍ശനത്തിനെത്തി.മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രമായിരുന്നു അത്. ചിത്രത്തിലെ നായകനേക്കാള്‍ നന്നായി ചെയ്തത് മധുവാണെന്ന് പ്രേക്ഷകര്‍ പറഞ്ഞു. ഏതൊരു താരത്തിനും വളരെ ഭംഗിയായി പേരിടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മാധവന്‍ നായര്‍ എന്ന ആ പേര് ചെറുതാക്കി മധുവാക്കി മാറ്റി.
1969 ല്‍ ഹിന്ദുസ്ഥാനി എന്ന ബോളിവുഡ് ചിത്രത്തില്‍ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ചു. മലയാളത്തിലെ രണ്ട് ഹിറ്റ് നടന്മാര്‍ക്കിടയിലേക്കായിരുന്നു മധു എന്ന പ്രതിഭയുടെ രംഗപ്രവേശം. തനതായ അഭിനയശൈലിയിലൂടെ അദ്ദേഹം സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പിന്നീട് ഭാര്‍ഗവി നിലയം, സ്വയം വരം, മുറപ്പെണ്ണ്, ഓളവും തീരവും, തുലാഭാരം, ഉമ്മാച്ചു, തീക്കനല്‍, ഇതാ ഇവിടെ വരെ, ഈ സിനിമകളിലൊക്കെ മധു തന്‍റെ അഭിനയ മികവ് കാണിച്ചു.സിന്ദുരച്ചെപ്പ്, ധീരസമീരേ യമുനാ തീരേ, തീക്കനല്‍, ഉദയം പടിഞ്ഞാറ്, കാമം ക്രോധം മോഹം, അക്കല്‍ദാമ, മാന്യശ്രീവിശ്വാമിത്രന്‍, ആരാധന, ഒരു യുഗസന്ധ്യ, സതി, നീലക്കണ്ണുകള്‍ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ മധു നിര്‍മിച്ചു.
1970 പുറത്തിറങ്ങിയ പ്രിയ എന്ന ചിത്രമാണ് മധു സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സിന്ദൂരച്ചെപ്പും സംവിധാനം ചെയ്തു. ഇവ രണ്ടും സംസ്ഥാന ചലതച്ചിത്ര പുരസ്കാരത്തിന് അര്‍ഹമായി. ഉമാ സ്റ്റുഡിയോ എന്ന സ്റ്റുഡിയോ യും തിരുവനന്തപുരത്ത് ആരംഭിച്ചു. സ്വന്തമായി സ്റ്റുഡിയോ തുടങ്ങുന്ന ആദ്യത്തെ മലയാളി നടനും മധുവായിരുന്നു. പത്മപുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചുവെങ്കിലും പലരും ചെയ്യാറുള്ളതുപോലെ പേരിനൊപ്പം ബഹുമതിയുടെ ഭാരം തലയിലേറ്റാന്‍ മധു തയ്യാറല്ല. അതുതന്നെയാണ് മറ്റുള്ളവരില്‍നിന്ന് മധുവിനെ വ്യത്യസ്തനാക്കുന്നതും.
















