ഇന്ത്യൻ സിനിമ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1.‘കാന്താര’. ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തുവന്നിരുന്നു. വമ്പൻ ക്യാൻവാസിൽ ഒരുക്കിയ ദൃശ്യ വിസ്മയമായിരിക്കും സിനിമയെന്ന സൂചനയാണ് ‘കാന്താര’യുടെ ട്രെയിലർ നൽകുന്നത്. സിനിമയുടെ ആദ്യഭാഗത്തേത് പോലെ തന്നെ മിത്തും, ആക്ഷനും, ത്രില്ലുമെല്ലാം പുതിയ സിനിമയിലും ഉണ്ടാകും.
ഇപ്പോഴിതാ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് റിഷബ് ഷെട്ടി. സിനിമയുടെ ചിത്രീകരണത്തിനിടെ നാലോ അഞ്ചോ തവണ താൻ മരണത്തെ മുഖാമുഖം കണ്ടെന്നും, ദൈവാനുഗ്രഹം കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും റിഷബ് ഷെട്ടി പറഞ്ഞു.
മൂന്ന് മാസമായി ഞാൻ ഒന്ന് ശരിക്ക് ഉറങ്ങിയിട്ട്. ഈ സമയങ്ങളിൽ എല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട ഡയറക്ഷൻ ടീമും, ക്യാമറ ടീമും എല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. നിർമ്മാതാക്കളും സെറ്റിൽ ചായ കൊണ്ട് വരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം 4-5 തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു. പക്ഷെ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നു- റിഷബ് ഷെട്ടി പറഞ്ഞു.
ഈ സിനിമയിൽ മലയാളികളുടെ പ്രിയതാരം ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഐമാക്സ് സ്‌ക്രീനുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഇത് സിനിമയുടെ കളക്ഷൻ വർദ്ധിപ്പിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തുന്ന സിനിമ കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
















