ഇന്ത്യൻ സിനിമ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1.‘കാന്താര’. ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തുവന്നിരുന്നു. വമ്പൻ ക്യാൻവാസിൽ ഒരുക്കിയ ദൃശ്യ വിസ്മയമായിരിക്കും സിനിമയെന്ന സൂചനയാണ് ‘കാന്താര’യുടെ ട്രെയിലർ നൽകുന്നത്. സിനിമയുടെ ആദ്യഭാഗത്തേത് പോലെ തന്നെ മിത്തും, ആക്ഷനും, ത്രില്ലുമെല്ലാം പുതിയ സിനിമയിലും ഉണ്ടാകും.
ഒക്ടോബർ 2 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ കാന്താര കാണണമെങ്കിൽ മൂന്ന് വിശുദ്ധ കാര്യങ്ങൾ പ്രേക്ഷകർ പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിച്ചിരുന്നു.
മദ്യപിക്കരുത്, പുകവലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നിവയായിരുന്നു ആ നിബന്ധനകൾ. ഇതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഗൂഗിൾ ഫോം പൂരിപ്പിക്കണമെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു. ‘കാന്താര’ ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് ഈ വാർത്ത പ്രചരിച്ചത്. എന്നാൽ, ഈ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ഋഷഭ് ഷെട്ടി രംഗത്തെത്തിയിട്ടുണ്ട്.
പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും, ഉടൻ തന്നെ പ്രൊഡക്ഷൻ ടീമുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. ഇത് പ്രശസ്തി നേടാനായി ആരോ വ്യാജമായി ഉണ്ടാക്കിയ പോസ്റ്ററാണെന്ന് മനസ്സിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ ആണ് ഹോംബാലെ ഫിലിംസ് സമ്മാനിച്ചത്. ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് അവതാരത്തിൽ ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
















