തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ അനില്‍ പ്രസിഡന്റായ സഹകരണ സംഘത്തില്‍ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തല്‍. രണ്ടു മാസങ്ങള്‍ക്കു മുമ്പ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ബാങ്കിന് നഷ്ടമായ തുക സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പലിശ സഹിതം തിരിച്ചു നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു. അനില്‍കുമാര്‍ പ്രസിഡന്റായ ഫാം ടൂര്‍ സഹകരണ സംഘത്തില്‍ വ്യാപക ക്രമക്കേടെന്നാണ് സഹകരണ വകുപ്പ് രണ്ടാഴ്ച മുന്നേ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. അനാവശ്യ ഇടപെടലിലൂടെ സംഘത്തിന് കോടികളുടെ നഷ്ടം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹകരണ വകുപ്പിന്റെ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സംഘം പ്രവര്‍ത്തിച്ചു. ഇതിലൂടെ 14 ലക്ഷം രൂപ സംഘത്തിന് നഷ്ടം. അനുമതിയില്ലാതെ സി ക്ലാസ് അംഗങ്ങള്‍ക്ക് വായ്പ നല്‍കിയതില്‍ രണ്ടരക്കോടി രൂപ കുടിശികയായി. ബാങ്കില്‍ ഏജന്റുകളെ നിയമിച്ചതിലും കമ്മീഷന്‍ നല്‍കിയതിലും താല്‍ക്കാലിക നിയമനം നടത്തിയതിലും ഒരു കോടി 18 ലക്ഷം രൂപ നഷ്ടപ്പെട്ടു.
















