ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആണ് സന്തോഷ വാർത്ത ഇരുവരും പങ്കുവെച്ചത്. പിന്നാലെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും ദമ്പതികളുടെ പോസ്റ്റിന് ആശംസകളും അനുഗ്രഹങ്ങളും അറിയിച്ചു.

നിറവയറുമായി ഭർത്താവ് വിക്കി കൗശലിനൊപ്പം നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഇരുവരും ചേർന്നു പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷകരമായ വാർത്ത പുറത്തുവിട്ടത്. മാസങ്ങളായി കത്രീന പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
‘സന്തോഷവും കൃതജ്ഞതയും നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്’ എന്നായിരുന്നു ചിത്രം പങ്കുവച്ച് താരം കുറിച്ചത്. വളരെ വേഗം കത്രീന കൈഫിന്റെ പോസ്റ്റ് വൈറലായി. കത്രീന ഗർഭിണിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം താരം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും ആദ്യത്തെ കൺമണി ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളോടെ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും പ്രണയകഥ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. പൊതുവേദികളിൽ ഇരുവരും അധികം അടുപ്പമില്ലാതെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത് പക്ഷേ ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ താൻ വിക്കി കൗശലിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കത്രീന വെളിപ്പെടുത്തിയതോടെയാണ് ഈ ബന്ധം ശ്രദ്ധേയമാകുന്നത്. ഇത് കേട്ടറിഞ്ഞ വിക്കി ആ വേദിയിൽ വച്ച് തന്നെ അത്ഭുതത്തോടെ പ്രതികരിച്ചത് ആരാധകർക്കിടയിൽ വൈറലായിരുന്നു. ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നെങ്കിലും, തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ഇരുവരും തയാറായില്ല. വളരെ സ്വകാര്യമായി സൂക്ഷിച്ച അവരുടെ പ്രണയം, 2021 ഡിസംബർ 9-ന് രാജസ്ഥാനില്‍ വച്ചു നടന്ന രാജകീയ വിവാഹത്തിലൂടെയാണ് ലോകം അറിഞ്ഞത്.
















