ആറ് ജിസിസി രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ ഇനി ഒറ്റ വിസ മതി. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലേക്കാണ് ഒറ്റ വിസയിൽ സഞ്ചരിക്കാനുള്ള അവസരം. യൂറോപ്പിലെ ഷെങ്കൻ വിസയുടെ പാത പിന്തുടർന്ന് ‘ജിസിസി ഗ്രാൻഡ് ടൂർസ്’ എന്ന പേരിൽ ഏകീകൃത ടൂറിസ്റ്റ് വിസ ഒരുക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. ഇതുവരെ ഗൾഫ് കോർപ്പറേഷൻ കൗൺസിൽ(ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാണ് ഈ സൗകര്യം അനുവദിച്ചിരുന്നത്. എന്നാൽ ഇനി ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ(ജിസിസി ഗ്രാൻഡ് ടൂർസ് വിസ) എല്ലാവർക്കും ലഭിക്കും.
ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദായ്വി ആണ് ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഉടനെ തന്നെ അനുവദിച്ച് തുടങ്ങുമെന്ന് സ്ഥിരീകരിച്ചത്. ഈ വർഷം ആദ്യമാണ് ജിസിസി രാജ്യങ്ങളിലേക്ക് എല്ലാവർക്കും ഒരൊറ്റ വിസ എന്ന ആശയം പരിഗണിച്ച് തുടങ്ങിയത്. 2025 അവസാനിക്കുന്നതിന് മുൻപ് ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങും.
പേര് പോലെ തന്നെ ജിസിസി എകീകൃത ടൂറിസ്റ്റ് വിസ ഒരു ടൂറിസ്റ്റ് വിസയാണ്. ഒരു വിസയിലൂടെ സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റെയ്ൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിൽ യാത്ര ചെയ്യാനാവും.
ജിസിസി യൂണിഫൈഡ് ടൂറിസ്റ്റ് വിസയ്ക്ക് 2023 നവംബറിൽ ആണ് അംഗീകാരം ലഭിച്ചത്. ജിസിസി ആഭ്യന്തര മന്ത്രിമാരുടെ ഒമാനിൽ നടന്ന ചർച്ചയിലാണ് ഈ വിസയ്ക്ക് അംഗീകാരം ലഭിക്കുന്നത്. ഷെൻഗൻ വിസയുടെ മാതൃക പിന്തുടർന്നാണ് ജിസിസി രാജ്യങ്ങളുടെ നീക്കം. ഷെൻഗൻ വിസയിലൂടെ യൂറോപ്പിലെ പല രാജ്യങ്ങളിലും സന്ദർശിക്കാനാവും.
ജിസിസി രാജ്യങ്ങളിൽ ആറിൽ ഏതെങ്കിലും ഒന്നിൽ റെസിഡൻസി പെർമിറ്റ് ഉള്ളവർക്ക് ഈ ജിസിസി ഏകീകൃത വിസ ലഭിക്കും. ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷച്ച തിയതിക്ക് ശേഷം പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വാലിഡിറ്റി ഉണ്ടായിരിക്കണം. ജിസിസിയിലെ ഏതെങ്കിലും രാജ്യം സന്ദർശിക്കുന്നതിന് വിലക്ക് നേരിടുന്ന വ്യക്തികൾക്ക് ഈ വിസ അനുവദിക്കില്ല.
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയാൽ പിന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഇതിനായി അപേക്ഷിക്കാനാവും എന്നാണ് റിപ്പോർട്ട്. ഒരു രാജ്യം സന്ദർശിക്കനാണോ അതോ ആറ് രാജ്യങ്ങൾ സന്ദർശിക്കാനാണോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടാവും. 30 മുതൽ 90 ദിവസം വരെയാണ് ഈ ഏകീകൃത ടൂറിസ്റ്റ് വിസയുടെ കാലാവധി.
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. 90 യുഎസ് ഡോളർ മുതൽ 130 യുഎസ് ഡോളർ വരെയായിരിക്കും ജിസിസി യൂണിഫൈഡ് ടൂറിസ്റ്റ് വിസയുടെ നിരക്ക് എന്നാണ് സൂചന. അപേക്ഷിച്ചതിന് ശേഷം ഒരു ആഴ്ചയ്ക്കുള്ളിൽ വിസ ലഭ്യമാവും.
എണ്ണവിപണിയിൽ കൂടുതൽ ഊന്നിയുള്ള സമ്പദ് വ്യവസ്ഥയിൽ നിന്ന് മറ്റ് വഴികളിലൂടെ കൂടുതൽ പണം രാജ്യത്തേക്ക് കൊണ്ടുവരികയാണ് ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ടൂറിസത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് കഴിഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎഇ സഞ്ചാരികളുടെ പ്രധാന ഇടങ്ങളിലൊന്നായി വളർന്ന് കഴിഞ്ഞു. 2024ൽ ദുബായിൽ 18.72 മില്യൺ വിദേശ സഞ്ചാരികൾ എത്തിയതായാണ് കണക്ക്. സൗദി അറേബ്യ ടൂറിസം ഫുട്ബോളിലൂടെയാണ് വിപണി സജീവമാക്കുന്നത്. 2024ൽ സൗദിയിലേക്ക് 116 മില്യൺ വിദേശ സഞ്ചാരികൾ എത്തി.
















