തമിഴ് സൂപ്പർ താരം ധനുഷ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഇഡ്‍ലി കടൈ’ റിലീസിനൊരുങ്ങുന്നു. ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ധനുഷിന്റെ നായികയായി നിത്യ മേനനാണ് എത്തുന്നത്. ‘തിരുച്ചിത്രമ്പലം’ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇഡ്‍ലി കടൈ.
ട്രെയിലറിൽ സൂചിപ്പിച്ച പോലെ ഇതൊരു കംപ്ലീറ്റ് കുടുംബ ചിത്രമെന്നത് പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ ‘ക്ലീൻ യു’ സർട്ടിഫിക്കേറ്റ് ലഭിച്ച വിവരം സന്തോഷ വാർത്ത എന്ന ക്യാപ്‌ഷനോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപ്പനോടുള്ള സ്നേഹം കാണിക്കുന്ന ട്രെയിലർ പുറത്തുവന്നത് മുതൽ ‘അപ്പൻ പാസം’ എന്ന നിലയിൽ ട്രെയിലർ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാവുന്നുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം ഒക്ടോബർ ഒന്നിന് റിലീസിനെത്തും.
എന്നാൽ, ട്രെയിലർ ഇറങ്ങിയ മുതൽ വിവാദങ്ങളും വിമർശനങ്ങളും ‘ഇഡ്‍ലി കടൈ’ പിന്തുടരുന്നുണ്ട്. മലയാളത്തിൽ ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രം ഉസ്ദാത് ഹോട്ടലിനോട് സാമ്യമുണ്ട് ‘ഇഡ്‍ലി കടൈ’യ്ക്ക് എന്നാണ് ഒരുകൂട്ടർ പറയുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മകൻ, എന്നാൽ ചില സാഹചര്യങ്ങൾ കൊണ്ട് അച്ഛൻ നടത്തിയിരുന്ന ഇഡ്‍ലി കട ഏറ്റെടുത്ത് നടക്കുന്നു. ട്രെയിലർ സൂചിപ്പിക്കുന്നത് ഫീൽ ഗുഡ് പടമായി തന്നെയാണ്. അതോടെയാണ് ഇത് ഉസ്ദാത് ഹോട്ടലിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണോ ധനുഷിന്റെ ‘ഇഡ്‍ലി കടൈ’ എന്ന ചോദ്യം ഉയർന്നു വരുന്നത്.സത്യരാജും ശാലിനി പാണ്ഡെയുമാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അരുൺ വിജയ്, പാർഥിപൻ, സമുദ്രകനി എന്നിവരും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക്, എഡിറ്റിംഗ് പ്രസന്ന ജി കെ. നേരത്തെ പാണ്ടി, രായൻ, നിലാവുക്ക് എന്മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ.
















