പാക് ഷെല്ലാക്രമണത്തിന് ഇരയായവർക്ക് സഹായ ഹസ്തവുമായി ബോളിവുഡ് നടൻ നാനാ പടേക്കര്‍. ഓപ്പറേഷൻ സിന്ദൂരിനുശേഷം രജൗരിയിലും പൂഞ്ചിലും അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ ദുരിതമനുഭവിച്ച 117 കുടുംബങ്ങൾക്ക് ഇന്ത്യൻ സൈന്യവുമായി സഹകരിച്ച് നാനാ പടേക്കറുടെ നിർമ്മല ഗജാനൻ ഫൗണ്ടേഷൻ 42 ലക്ഷം രൂപ പുനരധിവാസ സഹായം വിതരണം ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് രജൗരിയില്‍ നടന്ന ചടങ്ങിന് ദേശീയ അവാര്‍ഡ് ജേതാവായ നാനാ പടേക്കര്‍ നേരിട്ടെത്തി മേല്‍നോട്ടം വഹിച്ചു. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുണ്ടായ ഷെല്ലാക്രമണം ഗുരുതരമായി ബാധിച്ചവര്‍ക്കാണ് സഹായം നല്‍കുന്നത്. ആ കുടുംബങ്ങളോടൊപ്പം നില്‍ക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നാനാ പടേക്കര്‍ പറഞ്ഞു. രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ സഹായിക്കാന്‍ മുന്നിട്ടിറങ്ങേണ്ടിവരും. ഇത് നമ്മുടെയെല്ലാം കൂട്ടായ ഉത്തരവാദിത്തമാണ്. അവര്‍ നമ്മുടെ സഹോദരീ -സഹോദരന്മാരാണ്. ഹിന്ദി സിനിമാ വ്യവസായത്തിലെ പലരും ശ്രദ്ധ വേണമെന്ന് ആഗ്രഹിക്കാതെതന്നെ സഹായങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ അവര്‍ ഒരിക്കലും മുന്‍നിരയിലേക്ക് വരാറില്ല.
ജോണി ലിവര്‍ അത്തരത്തിലുള്ള ഒരാളാണ്. നമ്മള്‍ ഇതൊക്കെ ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യും? അദ്ദേഹം ചോദിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെയും സിവില്‍ ഭരണകൂടത്തിന്റെയും സജീവ പിന്തുണയോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്ന് സന്നദ്ധസംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പടേക്കറുടെ മാതാപിതാക്കളായ നിര്‍മ്മലയുടെയും ഗജാനന്റെയും പേരില്‍ ഉള്ളതാണ് നിര്‍മ്മല ഗജാനന്‍ ഫൗണ്ടേഷന്‍. ഇന്ത്യയിലുടനീളം വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസംഘടന ഏര്‍പ്പെടുന്നുണ്ട്.
















