ജി.വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനാകുന്നു. നടിയും നര്‍ത്തകിയും മോഡലുമായ സ്‌നേഹ അജിത്താണ് വധു. ഈ സന്തോഷവാര്‍ത്ത സ്‌നേഹയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
ഇരുവരുടേയും വിവാഹനിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞു. അരവിന്ദിനോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും സ്‌നേഹ പങ്കുവെച്ചിട്ടുണ്ട്. അപര്‍ണ ബാലമുരളി, നൈല ഉഷ, കനി കുസൃതി, രഞ്ജിനി ജോസ്, ജ്യോത്സ്‌ന രാധാകൃഷ്ണന്‍, ആര്യാ ബാബു തുടങ്ങി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്നു.
അച്ഛനെപ്പോലെ സംഗീതലോകത്തെത്തിയ അരവിന്ദ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഒരു പാട്ട് സീനില്‍ പാടി അഭിനയിച്ചിട്ടുണ്ട്. കപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിലെ കവര്‍ സോങ്ങുകളിലൂടെയാണ് അരവിന്ദ് ശ്രദ്ധിക്കപ്പെടുന്നത്. ‘ദി ട്രെയ്ന്‍’ എന്ന ചിത്രത്തിലാണ് അരവിന്ദ് ആദ്യമായി പിന്നണി ഗായകനായത്.
നത്തോലി ഒരു ചെറിയ മീനല്ല, ഏയ്ഞ്ചല്‍സ്, മൈ ലൈഫ് പാര്‍ട്ണര്‍, സണ്‍ഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം, എങ്കിലും ചന്ദ്രികേ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പാടി. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. മമ്മൂട്ടിയുടെ ‘ബസൂക്ക’യില്‍ അഭിനയിച്ച സ്‌നേഹ ക്ലാസിക്കല്‍ ഡാന്‍സറാണ്.
















