ആപ്പിൾ അതിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റായ iOS 26.1 ന്റെ ബീറ്റ പതിപ്പ് പുറത്തിറക്കി. ഉപയോക്താക്കൾക്കായി ഒട്ടനവധി പുതിയ ഫീച്ചറുകളും സുരക്ഷാ പരിഷ്കാരങ്ങളും ഈ അപ്‌ഡേറ്റിൽ പ്രതീക്ഷിക്കുന്നു.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ നഷ്ടപ്പെട്ടാൽ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഐഫോണുകളിൽ ലഭ്യമാകുന്ന iOS 26ൻ്റെ അപ്ഡേറ്റഡ് വേർഷൻ്റെ ബീറ്റ പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് iOS 26.1ൻ്റെ ആദ്യത്തെ ഡെവലപ്പർ ബീറ്റ പുറത്തിറക്കിയത്.
എന്തെല്ലാം മാറ്റങ്ങളാണ് ബീറ്റ പതിപ്പിൽ ഉണ്ടാവുകയെന്നതിൻ്റെ പൂർണ്ണവിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
ബീറ്റ വേർഷൻ്റെ കാലയളവ് രണ്ടോ മൂന്നോ ആഴ്ചയായിരിക്കുമെന്നും ഇതിന് പിന്നാലെ ഒക്ടോബർ ആദ്യ വാരത്തോടെ iOS 26.1ൻ്റെ അന്തിമ പതിപ്പ് എത്തുമെന്നുമാണ് മാക്‌വേൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
ഐഒഎസ് 26.1ൻ്റെ ആപ്പിൾ ഇന്റലിജൻസിൽ പുതിയ നിരവധി ഭാഷകൾ ചേർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ അപ്ഡേറ്റിൻ്റെ പ്രധാന സവിശേഷതയായും ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇതാണ്.
പരമ്പരാഗത ചൈനീസ് ഭാഷ വിയറ്റ്നാമീസ് ഭാഷ തുടങ്ങിയ ഏഷ്യൻ ഭാഷകളും ഡച്ച്, പോർച്ചുഗീസ്, സ്വീഡിഷ്, ഡാനിഷ്, നോർവീജിയൻ, ടർക്കിഷ് ഭാഷകളും ഇനി ആപ്പിൾ ഇൻ്റലിജൻസിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് മാക്‌വേൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
പരമ്പരാഗത ചൈനീസ് ഭാഷയിൽ തത്സമയ വിവർത്തനം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ ഏഷ്യൻ ഭാഷകളായ ജാപ്പനീസ്, കൊറിയൻ എന്നിവയും ലഭ്യമാകും.
തത്സമയമായി ലഭ്യമാകുന്ന ഭാഷാ വിവർത്തനത്തിൻ്റെ സാധ്യതകളെയും iOS 26.1-ൽ വികസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കാമറ ആപ്ലിക്കേഷനിൽ കൂടുതൽ പ്രൊഫഷണൽ മോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന. iOS 26.1 ബീറ്റാ പതിപ്പിൽ ബാറ്ററി ലൈഫ് കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പഴയ മോഡൽ ഐഫോണുകളിൽ പോലും ബാറ്ററി ഉപയോഗം കുറയ്ക്കാനുള്ള ഓപ്റ്റിമൈസേഷൻ ഇതിലുണ്ട്. ഹോം സ്ക്രീനിൽ കൂടുതൽ കസ്റ്റമൈസേഷൻ സാധ്യമാക്കുന്ന പുതിയ വിഡ്ജറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഫോൺ ക്രമീകരിക്കാൻ ഇത് സഹായിക്കും. ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ സിറി കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
















