ഒട്ടേറെ ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് കറ്റാർവാഴ. ഇത് ചർമ പരിപാലനത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. വരൾച്ച തടയുകയും മൃദുത്വം നിലനിർത്തുകയും ചെയ്യുന്നതിലൂടെ ചർമത്തിന്‍റെ തിളക്കം വീണ്ടെടുക്കാൻ മികച്ചതാണിത്. ചൂട് മൂലം ചർമത്തിലുണ്ടാകുന്ന അസ്വസ്ഥത, പാടുകൾ, പിളർപ്പ് എന്നിവ പരിഹരിക്കാൻ ഇതിലെ കൂളിംഗ് ഫാക്‌ടർ സഹായിക്കും.
അങ്ങനെ നിരവധിയാണ് കറ്റാർവാഴയുടെ ചർമ സംരക്ഷണ ഗുണങ്ങൾ. എന്നാൽ അമിതമായാൽ അമൃതും വിഷമാണെന്നാണല്ലോ. അതുപോലെ തന്നെയാണ് കറ്റാർവാഴയുടെ കാര്യവും. ചർമ പരിപാലനത്തിനായി കറ്റാർവാഴ അമിതമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. അത്തരത്തിൽ കറ്റാർവാഴയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചർമത്തിൽ ജലാംശം നിലനിർത്താനും മൃദുവാക്കാനും കറ്റാർവാഴ സഹായിക്കുമെങ്കിലും അമിത ഉപയോഗം ദോഷം ചെയ്യും. ചർമത്തിലെ പ്രകൃതിദത്ത എണ്ണകൾ ഇല്ലാതാക്കാനും ചർമം ഇറുകിയതും വരണ്ടതാകാനും ഇത് കാരണമാകും. അതിനാൽ ദിവസേന രണ്ട് തവണയിൽ കൂടുതൽ കറ്റാർവാഴ ഉപയോഗിക്കുന്നത് ഒഴിവാക്കാം.
തികച്ചും പ്രകൃതിദത്തമായ കറ്റാർവാഴ എല്ലാവർക്കും ഒരുപോലെ സുരക്ഷിതമല്ല. ഉള്ളി, വെളുത്തുള്ളി അല്ലെങ്കിൽ ട്യൂലിപ്‌സ് തുടങ്ങിയ ലില്ലി കുടുംബത്തിൽപ്പെട്ട സസ്യങ്ങളോട് അലർജിയുള്ള ആളുകൾ കറ്റാർവാഴയുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരക്കാർ കറ്റാർവാഴ ചർമത്തിൽ പുരട്ടുന്നത് തൊലിപ്പുറം ചുവന്ന് തുടിക്കാനും വീക്കം, ചൊറിച്ചിൽ എന്നിവയ്ക്കും കാരണമാകും.
ചില ആളുകളുടെ ചർമം കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളോടെ പ്രതികരിച്ചേക്കാം. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമമുള്ളവർ. ഇത്തരക്കാർ കറ്റാർവാഴ ചർമത്തിൽ പുരട്ടുന്നത് ചുവപ്പ് നിറം, പ്രകോപനം, ചൊറിച്ചിൽ, പൊള്ളൽ തുടങ്ങിയ ചർമ പ്രശ്‌നങ്ങൾക്ക് കാരണമാകും.
കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള അലോയിൻ പോലുള്ള സംയുക്തങ്ങൾ സൂര്യപ്രകാശത്തോട് സംവേദനക്ഷമതയുണ്ടാക്കും. അതിനാൽ കറ്റാർ വാഴ ഉപയോഗിച്ചതിന് ശേഷം വെയിലത്തിറങ്ങുന്നത് ഒഴിവാക്കാം.
അതുപോലെ കറ്റാർ വാഴ ചർമത്തിൽ നേരിട്ട് പ്രയോഗിക്കുന്നതിന് മുമ്പ് ഒരു പച്ച് ടെസ്റ്റ് ചെയ്യുക. ശുദ്ധവും ഫ്രഷായതുമായ കറ്റാർവാഴ മാത്രം ഉപയോഗിക്കാം. രാസവസ്‌തുക്കൾ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയ കറ്റാർവാഴ ജെല്ലുകൾ ഒഴിവാക്കുക. ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിക്കാവൂ. ചർമം വരണ്ടതായി അനുഭവപ്പെട്ടാൽ ഏതെങ്കിലും മോയ്‌സ്‌ചറൈസറുമായി ചേർത്ത് ഉപയോഗിക്കാം.
















