മലയാളത്തിന്റെ മഹാനടൻ മധു 92ന്റെ നിറവിൽ. 1933 സെപ്റ്റംബർ 23നാണ് മധു ജനിച്ചത്. കന്നി മാസത്തിലെ ചോതി നക്ഷത്രത്തിലാണ് മധു ജനിച്ചത്. സെപ്റ്റംബർ 25നാണ് ഈ വർഷം കന്നിമാസത്തിലെ ചോതി വരുന്നത്. അതായത്, കലണ്ടർ പ്രകാരം ഇന്നലെയും പഞ്ചാംഗപ്രകാരം നാളെയുമാണ് മധുവിന്റെ പിറന്നാൾ.
നക്ഷത്രപ്രകാരമുള്ള പിറന്നാൾ നാളിൽ ക്ഷേത്രത്തിൽ അർച്ചനയും വഴിപാടും നടത്താറുണ്ട്. വീട്ടിൽ ഉച്ചയ്ക്ക് ബന്ധുക്കൾമാത്രം പങ്കെടുക്കുന്ന സദ്യയും പതിവുണ്ട്. നടൻ ജഗദീഷ്, സംവിധായകൻ രാജസേനൻ, പന്ന്യൻ രവീന്ദ്രൻ, പാലോട് രവി തുടങ്ങിയവർ വീട്ടിലെത്തി ആശംസ അറിയിച്ചു. നിരവധി പ്രമുഖർ ഫോണിലൂടെയും മധുവിന് പിറന്നാൾ മംഗളം നേർന്നു.
എന്നാൽ, തന്റെ ജന്മനക്ഷത്രം സംബന്ധിച്ച് ജ്യോതിഷികൾക്കിടയിലും തർക്കമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ജാതകപ്രകാരം 79-ാം വയസിൽ മരണം സംഭവിക്കുമെന്നായിരുന്നു ജ്യോതിഷികളുടെ പ്രവചനം. എന്നാൽ, എഴുപത്തൊൻപതിലും എൺപതിലും മരണമെത്തിയില്ല. ഇതോടെ തന്റെ അച്ഛന്റെ നാട്ടുകാരനായ കന്യാകുമാരി ജില്ലയിലെ ഒരു ജ്യോതിഷിയെ കൊണ്ട് ജാതകം ഒന്നുകൂടി നോക്കി. ചോതിയിലല്ല, വിശാഖത്തിലാണ് മധു ജനിച്ചതെന്നായിരുന്നു ആ ജ്യോതിഷിയുടെ കണ്ടെത്തൽ. ഇതോടെ അദ്ദേഹം സ്വയം തനിക്കൊരു ജന്മനക്ഷത്രമിട്ടു: ‘ചോശാഖം’.
ഭാര്യയുടെ മരണശേഷം പിറന്നാൾ ആഘോഷിക്കാത്ത അദ്ദേഹത്തിന് എല്ലാ ദിവസവുംപോലെയായിരുന്നു 92-ലെ പിറന്നാൾ ദിനവും. അടുപ്പമുള്ളവർ വീട്ടിലെത്തി വണങ്ങി. കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങളും സിനിമാ പ്രവർത്തകരും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കണ്ണമ്മൂലയിലെ അദ്ദേഹത്തിന്റെ വസതിയായ ശിവസദനിലെത്തി ആശംസ നേർന്നു. അടുത്തിരുന്ന് ചിത്രമെടുക്കാൻ തിരക്കായിരുന്നു.
















