കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാര്‍ സംവിധാനം ചെയ്ത ഫീല്‍ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകന്‍. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയ്ക്ക് തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇപ്പോഴിതാ മെയ്യഴകന്‍ സിനിമയെ കുറിച്ച് മനസ്തുറക്കുകയാണ് സംവിധായകന്‍ പ്രേംകുമാര്‍ .
പ്രേംകുമാറിന്റെ വാക്കുകള്‍……..
‘മെയ്യഴകന്‍ മലയാളത്തില്‍ ആയിരുന്നു എടുത്തതെങ്കില്‍ തമിഴ് പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു എന്ന് എന്നോട് ഒരുപാട് പേര്‍ പറഞ്ഞു. ഞാന്‍ ആ സിനിമ തമിഴില്‍ ചെയ്തതാണ് തെറ്റ് എന്ന് ഒരുപാട് പേര്‍ എന്നോട് പറഞ്ഞു. എന്റെ ഭാഷയില്‍ ഞാന്‍ ഒരു സിനിമയെടുത്തപ്പോള്‍ അത് മറ്റൊരു ഭാഷയില്‍ എടുത്തെങ്കില്‍ നന്നായേനെ എന്ന് പറയുന്നത് കേട്ടപ്പോള്‍ വിഷമം തോന്നി. പക്ഷെ അതാണ് സത്യം. തിയേറ്ററില്‍ ഞങ്ങള്‍ പ്രതീക്ഷിച്ച തരത്തില്‍ റെവന്യൂ വന്നില്ലെങ്കിലും ഞങ്ങള്‍ രക്ഷപ്പെട്ടു. ഒടിടിയില്‍ സിനിമയ്ക്ക് നല്ല സ്വീകാര്യത കിട്ടി. എന്നാല്‍ തമിഴ് നാട്ടില്‍ ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ക്ക് സിനിമ കണക്ട് ആയില്ല’.
സെപ്റ്റംബര്‍ 27 നായിരുന്നു മെയ്യഴകന്‍ തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടുതലാണെന്ന വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു. നടന്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്രീദിവ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
















