എച്ച്-1ബി വിസയുടെ അപേക്ഷയ്‌ക്ക് ട്രംപ് ഭരണകൂടം ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയതോടെ യുഎസ് സ്വപ്‌നം പലർക്കും വലിയൊരു കടമ്പയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യൻ ടെക്കികള്‍ക്ക് വലിയ പ്രഹരമാണ് പുതിയ നീക്കം ഏൽപ്പിച്ചത്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രഗത്ഭരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയാണ് ജർമ്മനി.
മെച്ചപ്പെട്ട ശമ്പളവും സ്ഥിരതയുള്ള കുടിയേറ്റ നയവും വാഗ്‌ദാനം ചെയ്‌താണ് ജർമ്മനി ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നത്. ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാനാണ് സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോക്കൊപ്പം രാജ്യത്തെ തൊഴിലവസരങ്ങള്‍, വിവിധ കോഴ്‌സുകള്‍, മറ്റ് അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്ന ലിങ്കും പങ്കിട്ടു.
“പ്രതിഭാശാലികളായ ഇന്ത്യക്കാർക്ക് വേണ്ടിയുള്ള എൻ്റെ ക്ഷണമാണിത്. സ്ഥിരതയുള്ള കുടിയേറ്റ നയങ്ങൾ കൊണ്ടും ഐടി, മാനേജ്മെൻ്റ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യക്കാർക്ക് നൽകിയ മികച്ച തൊഴിലവസരങ്ങൾ കൊണ്ടും ജർമ്മനി വേറിട്ടുനിൽക്കുകയാണ്,” അക്കർമാൻ എക്‌സിൽ കുറിച്ചു.
അർഹരായ ആളുകൾക്ക് ഏറ്റവും മികച്ച ശമ്പളം നൽകുന്ന രാജ്യമായ ജർമ്മനിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഠിനാധ്വാനത്തിലും മികച്ച ആളുകൾക്ക് ജോലികൾ നൽകുന്നതിലും ജർമ്മനി വിശ്വസിക്കുന്നു, ഇവിടെ ഒരു ശരാശരി ഇന്ത്യക്കാരൻ ഒരു ശരാശരി ജർമ്മൻകാരനേക്കാൻ പണം സമ്പാദിക്കുന്നുണ്ടെന്നും അക്കർമാൻ വ്യക്തമാക്കി.
“ജർമ്മനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെക്കുറിച്ച് സംസാരിക്കാൻ ഇതൊരു നല്ല നിമിഷമാണ്. ജർമ്മനിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ജർമ്മനിയിൽ ജോലി ചെയ്യുന്ന ശരാശരി ഇന്ത്യക്കാരൻ ജർമ്മനിയിൽ ജോലി ചെയ്യുന്ന ശരാശരി ജർമ്മൻകാരനേക്കാൾ കൂടുതൽ വരുമാനം നേടുന്നു. അതൊരു നല്ല വാർത്തയാണ്, ഇന്ത്യക്കാർ നമ്മുടെ സമൂഹത്തിനും നമ്മുടെ ക്ഷേമത്തിനും വലിയ സംഭാവന നൽകുന്നുണ്ട്”- അക്കർമാൻ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, 2,08,000 ഇന്ത്യക്കാർ ജർമ്മനിയിൽ താമസിക്കുന്നുണ്ട്. 2025ൽ 200,000 പ്രൊഫഷണൽ വിസകൾ നൽകുമെന്ന് ജർമ്മൻ സർക്കാർ വാഗ്‌ദാനം ചെയ്‌തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇതിൽ 90,000 ഇന്ത്യക്കാർ ഉൾപ്പെടുന്നു.
പ്രശസ്‌തമായ ജർമ്മൻ കാറിനോട് ഉപമിച്ചുകൊണ്ട് അദ്ദേഹം തൻ്റെ നയം വ്യക്തമാക്കാൻ ശ്രമിച്ചു “ഞങ്ങളുടെ മൈഗ്രേഷൻ നയം ഒരു ജർമ്മൻ കാറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്, ഇത് വിശ്വസനീയമാണ്, ആധുനികമാണ്, പ്രവചിക്കാവുന്നതാണ്. ഇത് ഒരു നേർരേഖയിൽ പോകും, വളവുകളും തിരിവുകളും ഇല്ല. ഞങ്ങൾ ഞങ്ങളുടെ നിയമങ്ങളിൽ ഒറ്റ രാത്രി കൊണ്ട് മാറ്റം വരുത്താൻ പോകില്ല” അക്കർമാൻ പറഞ്ഞു.
















