തമിഴ് സിനിമയിലെ റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രം വിജയ്‌യുടെ ഗില്ലി ആയിരുന്നു. ധരണിയുടെ രചനയിലും സംവിധാനത്തിലും 2004 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ റീ റിലീസ് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിജയ് ചിത്രം കൂടി റീ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്.
എസ് ജെ സൂര്യയുടെ രചനയിലും സംവിധാനത്തിലും 2000 ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രം ഖുഷി ആണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. നാളെയാണ് ചിത്രത്തിന്റെ റീ റിലീസ്. ശക്തി ഫിലിം ഫാക്റ്ററിയാണ് റീ റിലീസില്‍ ചിത്രം വിതരണം ചെയ്യുന്നത്. റീ റിലീസില്‍ വന്‍ വിജയം കൊയ്ത ഗില്ലിയുടെ വിതരണവും ഈ ടീം ആയിരുന്നു. റിലീസിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ഖുഷി വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്.
ശിവ, ജെന്നി എന്നീ കോളെജ് വിദ്യാര്‍ഥികളായാണ് വിജയ്, ജ്യോതിക എന്നിവര്‍ ഖുഷിയില്‍ അഭിനയിച്ചത്. ഇവരുടെ ലവ്- ഹേറ്റ് റിലേഷന്‍ഷിപ്പ് അവസാനം പ്രണയത്തിലേക്ക് എത്തുകയാണ്. രണ്ടായിരങ്ങളിലെ മികച്ച റൊമാന്റിക് കോമഡി ചിത്രമായി പരിഗണിക്കപ്പെടുന്ന സിനിമ കൂടിയാണ് ഇത്.
ചിത്രത്തിന് വേണ്ടി ദേവ ഒരുക്കിയ ഗാനങ്ങള്‍ വലിയ ഹിറ്റുകള്‍ ആയിരുന്നു. വിജയകുമാര്‍, ശില്‍പ ഷെട്ടി, മുംതാസ്, നിഴല്‍കള്‍ രവി, ബീന ബാനര്‍ജി, ജാനകി സബേഷ്, രാഗേന്ദ്ര പ്രസാദ്, കൃഷ്ണ സിംഗ്, രാജന്‍ പി ദേവ്, ജയ മുരളി, ബസന്ത് രവി, മനീഷ് ബൊറുണ്ടിയ, എസ് ജെ സൂര്യ, ശ്രീധര്‍, ഷോബി, ജപ്പാന്‍ കുമാര്‍, ശ്യാം, രവി മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
















