ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന നവരാത്രി ഉത്സവങ്ങളില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമാണ് ഈ ആഘോഷത്തിന്റെ കാതല്‍.നവരാത്രി കാലം ഭാരതത്തിലുടനീളം ദേവീ പൂജയ്ക്കു പ്രാധാന്യം നല്‍കി ആചരിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളില്‍ നവരാത്രി കൊണ്ടാടുന്നത്. ബംഗാളില്‍ കാളിയാണ് ആരാധനാമൂര്‍ത്തി, കര്‍ണ്ണാടകത്തില്‍ ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം. പല ഭാഗത്തും ആയുധപൂജക്കാണ് പ്രാധാന്യം. കേരളത്തില്‍ സരസ്വതി പൂജക്കാണ് പ്രാധാന്യം നല്‍കി വരുന്നത്.
നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ഹിമവാന്റെ മകളാണ് പാര്‍വതി. സംസ്‌കൃതത്തില്‍ ശൈല്‍ എന്നാല്‍ പര്‍വ്വതമെന്നാണ് അര്‍ത്ഥം. അതിനാലാണ് പാര്‍വതിയെ ശൈലപുത്രിയെന്ന് വിളിക്കുന്നത്. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യില്‍ ശൂലവും മറു കയ്യില്‍ താമരയും ദേവിയേന്തിയിരിക്കുന്നു.യാഗാഗ്‌നിയില്‍ ദഹിച്ച സതീദേവിയുടെ അടുത്ത ജന്‍മമാണ് ശൈലപുത്രി. ഹൈമവതി, പാര്‍വതി തുടങ്ങിയ നാമരൂപങ്ങളും ഇതില്‍ നിന്നും വന്നതാണെന്ന് കരുതപ്പെടുന്നു.
നവരാത്രിയില്‍ രണ്ടാം ദിവസം ദുര്‍ഗാ ദേവിയെ ബ്രഹ്‌മചാരിണി ഭാവത്തില്‍ ആരാധിക്കുന്നു. അമ്മയുടെ ‘ബ്രഹ്‌മചാരിണി’ എന്ന ഭാവമാണ് രണ്ടാം രാത്രി ഭാവം. ഇടതുകയ്യില്‍ കമണ്ഡലുവും വലതുകയ്യില്‍ അക്ഷമാലയും ഏന്തി ശുഭ്രവസ്ത്രം ധരിച്ചതാണ് ദേവിയുടെ രൂപം. ഹിമവാന്റെ പുത്രിയായി ജനിച്ച ദേവി, ശിവന്റെ പത്‌നിയാകാന്‍ നാരദമുനിയുടെ നിര്‍ദേശപ്രകാരം തപസു ചെയ്തു. കഠിന തപസ് അനുഷ്ഠിച്ചതിനാല്‍ ദേവിക്ക് ബ്രഹ്‌മചാരിണി എന്ന നാമം ലഭിച്ചു എന്ന് ഐതിഹ്യം.
പരമേശ്വര പ്രാപ്തിക്കായി തപസ്സുചെയ്ത പാര്‍വ്വതി ദേവിയുടെ ബ്രഹ്‌മചര്യകാലത്തെ സുന്ദര രൂപമാണിത്. എത്ര എഴുതിയാലും മാര്‍ക്കു കിട്ടാതിരിക്കുക, ഏകാഗ്രത ലഭിക്കാതിരിക്കുക, പരീക്ഷപ്പേടി, പരിഭ്രമം… മുതലായ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ഈ രണ്ടാം ദിവസത്തെ ദേവീ ഉപാസനയെന്ന് പഴമക്കാര്‍ പറഞ്ഞു വയ്ക്കുന്നു.
കഠിനവ്രതാനുഷ്ഠാനങ്ങളോടെ വര്‍ഷങ്ങള്‍ തപസ്സു ചെയ്യുന്ന ഭാവമാണ് ബ്രഹ്‌മചാരിണിയുടേത്. കരങ്ങളില്‍ ജപമാലയും കമണ്ഡലുവും പിടിച്ച സൗമ്യരൂപത്തിലാണ് ദേവീ ഭാവം. ഈ രൂപത്തെ ആരാധിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ക്ഷേമമുണ്ടാക്കുമെന്ന് പറയപ്പെടുന്നു. ബ്രഹ്‌മചാരിണീ ഭാവത്തിലുള്ള ദേവീ പൂജയിലൂടെ കടങ്ങളില്‍നിന്നുള്ള മോചനവും ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതിലുള്ള സാമര്‍ഥ്യവും ഫലമായി ലഭിക്കുമെന്നും വിശ്വാസമുണ്ട്.
ബ്രഹ്‌മചാരിണി സന്യാസ ജീവിതത്തെ പ്രതീകപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ ആയുധമായ നെടുവടിയാണ് കൈയില്‍ സൂക്ഷിച്ചിരിക്കുന്നത്. ദക്ഷയുടെ മകള്‍ സതിയുടെ പുനര്‍ജ്ജന്മം. ആവര്‍ത്തിച്ചുള്ള നിരാകരണങ്ങള്‍ക്കു ശേഷവും അവള്‍ തന്റെ ഭക്തിയെക്കുറിച്ച് ശിവനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ശൈലപുത്രിയുടെ അടക്കാനാകാത്ത ഊര്‍ജ്ജത്തില്‍ നിന്ന് ബ്രഹ്‌മചാരിണിയുടെ പക്വതയിലേക്കുള്ള മാറ്റം നമുക്ക് കാണാനാകും. ബ്രഹ്‌മചാരിണിയുടെ ഗ്രഹം ചൊവ്വയാണ്. സന്തതസഹചാരിയായി കാണുന്നത് നെടുവടിയും. അത് ഒരു ആയുധവും ഒരു സംരക്ഷണ കവചവും യോഗമാര്‍ഗത്തിലുള്ള ഒരു ഉപകരണവും കൂടിയാണ്.
ദേവിയെ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ചാണ് പൂജയും ആഘോഷവും നടത്തിവരുന്നത്. ദുര്‍ഗ്ഗാദേവിയുടെ ഈ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നത് ഭക്തര്‍ക്ക് അവരുടെ ജീവിതത്തില്‍ ഐശ്വര്യവും ആരോഗ്യവും ജ്ഞാനവും പ്രദാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തില്‍ കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതല്‍ ഒന്‍പത് ദിനങ്ങളില്‍ ആയിട്ടാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്.
നവരാത്രിക്കാലത്ത് ദേവീപ്രീതിക്കായി പ്രത്യേക ചിട്ടവട്ടങ്ങളോടെയുള്ള ഉപാസനയാണ് നടക്കുന്നത്. എല്ലാ അറിവുകളുടെയും ഉറവിടമാണ് ദുര്‍ഗാദേവിയെന്ന് ഹൈന്ദവ സങ്കല്‍പ്പം. ഏത് തൊഴില്‍ മേഖലയില്‍ ഉള്ളവരും തങ്ങളുടെ കര്‍മ്മപാതയില്‍ ഔന്നത്യം നേടാനായി ഈ ദിവസങ്ങളില്‍ ദേവിയെ ഉപാസിക്കുന്നു.
അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഖണ്ഡ ദേവിയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തുന്നത്. കൈയില്‍ അക്ഷമാലയും കമണ്ഡലുവും ധരിച്ച് മറ്റനേകം ആയുധങ്ങളുമായി ഒരു നവവധുവിന്റെ വേഷവിതാനങ്ങളോടെ സിംഹപ്പുറത്തിരിക്കുന്ന സങ്കല്‍പ്പമാണ് ദേവി ചന്ദ്രഖണ്ഡയുടേത്.
വിവാഹത്തിനായി ശിവഭഗവാന്‍ എഴുന്നള്ളിയപ്പോള്‍ ബ്രഹ്‌മചാരിണീ ഭാവത്തിലുള്ള പാര്‍വതീ ദേവിയുടെ ബന്ധുജനങ്ങള്‍ക്ക് മനോവിഷമമുണ്ടായി. ശിവന്റെ ശ്മശാനവേഷവും ഭൂതഗണങ്ങളും ഒപ്പമുള്ള കാട്ടുമൃഗങ്ങളുമൊക്കെയാണ് അതിന് കാരണം. ദേവി, അവരെ സ്വീകരിച്ച് അവരുടെ ആയുധങ്ങള്‍ വാങ്ങി തന്റെ കൈയില്‍ പിടിക്കുകയും പുലിപ്പുറത്തിരുന്ന് അവര്‍ക്കു സ്വാഗതമരുളുകയും ചെയ്തുവത്രേ. ഇതാണ് ചന്ദ്രഖണ്ഡയുടെ ഭാവം.
‘ചന്ദ്രഖണ്ഡ’ എന്ന ഈ പേര് എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ‘ഖണ്ഡം’ എന്നതിന് കഷ്ണം എന്നര്‍ഥമുണ്ടല്ലോ. ചന്ദ്രക്കല ശിരസ്സിലുള്ളതുകൊണ്ടാണ് ചന്ദ്രഖണ്ഡ എന്നു പേരുവന്നത് എന്നൊരു വാദമുണ്ട്. ‘ഖണ്ഡ’ എന്നത് ‘മണി’ ക്കു പറയുന്ന പേരാണെന്നും, ചന്ദ്രാകൃതിയിലുള്ള മണിയുടെ രൂപത്തിലാണ് കിരീടമെന്നും ഒരു വ്യാഖ്യാനമുണ്ട്.
അക്രമത്തോട് കോപംകാട്ടുന്ന ഭാവമുള്ളവളും അസ്ത്രാദികള്‍ ധരിച്ചവളുമാണ് ഈ ദേവീസങ്കല്‍പ്പം. പത്തുകൈകളിലായി ത്രിശൂലം (മൂന്നുതരം ദുഃഖങ്ങളെ ഹനിക്കുന്നത് -ത്രി- ശൂലം), ഗദ (ഗദത്തെ (രോഗങ്ങളെ) അമര്‍ത്തുന്നത്), വാള്‍(ബന്ധമറുക്കുന്നത്), ചിന്മുദ്ര(ജ്ഞാനം-ചിത് – നല്‍കുന്നത്)താമര (വികസിക്കുന്ന ബോധം), അസ്ത്രങ്ങള്‍ (പഞ്ചഭൂതങ്ങള്‍), വില്ല് (മനസ്സ്) അഭയം, വരദം, കമണ്ഡലു (കമണ്ഡലു അധ്യാത്മിക വഴിയിലെ പുരോഗതിയെ സൂചിപ്പിക്കുന്നു) എന്നിവ പിടിച്ചിരിക്കുന്ന രൂപമാണ് ചന്ദ്രഖണ്ഡദേവിയുടേത്.
നവരാത്രിയില്‍ പാര്‍വ്വതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്. സൂര്യദേവന്റെ ലോകത്തില്‍ താമസിക്കുന്നവളാണ് കൂഷ്മാണ്ഡ ദേവി. പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കുഷ്മാണ്ഡ ദേവി. കുഷ്മാണ്ഡാദേവി ‘അഷ്ടഭുജ’യാണ്, എട്ടുകൈകള്‍ ഉള്ളവള്‍. ഏഴ് കൈകളില്‍ യഥാക്രമം കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ ഇവ ധരിച്ചിട്ടുണ്ട്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാന്‍ കഴിവുള്ള ദിവ്യമാലയാണ് എട്ടാം കരത്തില്‍ ധരിച്ചിട്ടുള്ളത്. സിംഹമാണ് ദേവീ വാഹനം.
‘സൃഷ്ടിയുടെ ഊര്‍ജ്ജം അണ്ഡത്തില്‍ സൂക്ഷിച്ചവള്‍ ‘ എന്നാണ് ഈ അവതാരനാമത്തിന്റെ അര്‍ഥം. എട്ടു കൈകള്‍ ഉള്ളതിനാല്‍ ‘അഷ്ടഭുജദേവി’ എന്നും പ്രപഞ്ച സൃഷ്ടിക്കു കാരണഭൂതയായതിനാല്‍ ‘ആദിശക്തി’ എന്നും വിശേഷണങ്ങള്‍ ഉണ്ട്. പാര്‍വതീദേവി മഹേശ്വരനുമായുള്ള വിവാഹശേഷം ശിവശക്തീ ഭാവത്തിലായ ഉമയാണ് കൂഷ്മാണ്ഡയെന്നും കരുതപ്പെട്ടുപോരുന്നു.
ജാതകത്തില്‍ സൂര്യന്റെ അനിഷ്ടസ്ഥിതിമൂലം ദോഷം അനുഭവിക്കുന്നവരും ആദിത്യ ദോഷമുള്ളവരും ദേവിയെ കൂഷ്മാണ്ഡ ഭാവത്തില്‍ പ്രാര്‍ഥിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമെന്ന് വിശ്വസിച്ചുപോരുന്നു. സൂര്യനെ നിയന്ത്രിക്കുന്ന ദേവതയായതിനാല്‍ തന്നെ ചുവന്നപുഷ്പങ്ങള്‍ക്കൊണ്ടുള്ള പൂജയാണ് ഈ ദിനം ദേവിക്ക് പ്രിയം.
ദേവിയെ കൂഷ്മാണ്ഡ ഭാവത്തില്‍ ശരണം പ്രാപിച്ചാല്‍ എല്ലാവിധ രോഗപീഡകളില്‍ നിന്ന് മുക്തിയും സമൂഹത്തില്‍ സ്ഥാനവും കീര്‍ത്തിയും ലഭ്യമാകുമെന്നും വിശ്വാസമുണ്ട്.
നവരാത്രിയിലെ അഞ്ചാം ദിവസമായ പഞ്ചമിയില്‍ പൂജിക്കപ്പെടുന്ന ദേവീഭാവമാണ് ‘സ്‌കന്ദമാതാ’. സുബ്രഹ്‌മണ്യസ്വാമിയെ മടിയില്‍വെച്ചുകൊണ്ടുള്ള മാതൃപ്രേമ സൗന്ദര്യമാണ് ഈ ദിനത്തിന്റെ പ്രത്യേകത.മുരുകന്‍ അഥവാ സ്‌കന്ദന്‍ ഉപാസനചെയ്തിരുന്നത് ശിവപാര്‍വതീയുഗ്മത്തെ ആയിരുന്നതുകൊണ്ട് ദേവിയെ ‘സ്‌കന്ദമാതാ’ എന്ന് ‘മുരുകസമ്പ്രദായ’ക്കാര്‍ വിളിച്ചുപോരുന്നു. സുബ്രഹ്‌മണ്യ സമ്പ്രദായത്തില്‍ ഉപാസിച്ചു വന്നിരുന്ന ദേവിയുടെ രൂപമാണ് ‘സ്‌കന്ദമാതാ’ എന്നറിയപ്പെടുന്നത്. ഈ ഭാവത്തെ ആരാധിക്കുന്നത് ക്ഷേമ- ഐശ്വരങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു.
ഈ ഭാവത്തിലുള്ള പൂജ ദാമ്പത്യപരമായ അഭീഷ്ടസിദ്ധികള്‍ക്ക്, വിശേഷിച്ചും ദീര്‍ഘദാമ്പത്യത്തിന്, വളരെ വിശേഷമാണെന്ന് പഴമക്കാര്‍ വിശ്വസിച്ചു പോരുന്നു.സ്‌കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. നാലുകൈകളാണ് ദേവിക്കുളളത്. വലതുകൈകളിലൊന്നില്‍ ആറു ശിരസോടുകൂടിയ ബാലമുരുകനും മറ്റേതില്‍ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് ദേവിയുടെ വാഹനംചൊവ്വാദോഷമുള്ളവര്‍ സ്‌കന്ദമാതായെ ആരാധിച്ചാല്‍ ദോഷശാന്തി ലഭിക്കുമെന്ന് പറയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് പ്രിയം.
ആറാം ദിവസം ഉപാസിച്ചുവരുന്ന ദേവീഭാവമാണ് ‘കാത്യായനി’. പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന ദേവ്യുപാസനാ സമ്പ്രദായങ്ങളില്‍ മുഖ്യമാണ് കാത്യായനന്‍ എന്ന ഋഷി ആരംഭിച്ച ഉപാസനാപഥം.
സ്‌കന്ദമാതാ എന്നത് സുബ്രഹ്‌മണ്യസ്വാമിക്കു ശേഷം ഉണ്ടായ ദേവ്യുപാസനാ സമ്പ്രദായമായതുപോലെ, കാത്യായനി ഋഷി ആരംഭിച്ച സമ്പ്രദായമാണ് കാത്യായനീ ഭാവത്തില്‍ ആരാധന നടത്തുകയെന്നത്. നാലു കൈകളുള്ള സിംഹാരൂഢയായ സൗമ്യസുന്ദരരൂപമാണ് കാത്യായനീരൂപം. ഇടതുകൈകളില്‍ വാളും (ബന്ധനമറുത്ത് മോക്ഷം നല്‍കുന്ന പ്രതീകം) താമരയും (ജീവജാലങ്ങളുടെ മനസ്സ്, ബോധനില) ധരിച്ച, മറ്റുരണ്ട് കൈകളും അഭയമുദ്രയാര്‍ന്ന രൂപമാണിത്. അധര്‍മികളെ എതിര്‍ക്കുന്ന പ്രാണോര്‍ജശക്തിയാണ് സിംഹം പ്രതിനിധാനം ചെയ്യുന്നത്. ഈ ഭാവത്തിന് പ്രേമവും കാരുണ്യവും വളരെ പ്രധാനമാണ്.
കതന്‍ എന്ന ഒരു മഹാമുനി ഭൂമിയില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യന്‍. എന്നാല്‍, ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുര്‍ഗ്ഗയെ(പാര്‍വതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായി. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. കാത്യന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതയായി ദേവി അവതരിച്ചു. അങ്ങനെ കാത്യന്റെ മകളായി ദേവി കാത്യായനി എന്ന നാമത്തില്‍ ജന്‍മം കൊണ്ടു. കാത്യന്റെ പുത്രി ആയതിനാല്‍ ദേവി കാത്യായനി എന്ന നാമത്തില്‍ അറിയപ്പെടുന്നു.
സിംഹമാണ് വാഹനം. നാലു കൈകളുള്ള ദേവി ഖഡ്ഗവും പത്മവും കൈകളിലേന്തിയിരിക്കുന്നു.കാത്യായനി ഭാവത്തില്‍ ആണ് ദേവി ശ്രീ പാര്‍വതി മഹിഷാസുരനെ വധിച്ചത്. ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാര്‍വതിയില്‍ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറിയെന്നും പറയപ്പെടുന്നു. ആദി പരാശക്തി ആയി മഹിഷാസുര മര്‍ദ്ധിനി ആയി ദേവി മാറി. നവരാത്രിയില്‍ പാര്‍വതിയുടെ കാത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത്.
വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍ എന്നാണ് കാര്‍ത്യായനിയുടെ അര്‍ത്ഥം. ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നുവെന്ന് ആചാര്യമതം.
പലതരത്തിലുമുള്ള വിഷാംശങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗാവസ്ഥകള്‍ക്ക് പരിഹാരമായി കാത്യായനീപൂജ നിര്‍വഹിക്കാറുണ്ട്. ചൊവ്വാദശയിലുള്ളവര്‍, ചൊവ്വാദേഷമുള്ളവര്‍, ചൊവ്വയുടെ അപഹാരമുള്ളവര്‍ ഇവരെല്ലാം ഈ ഹോമവും പൂജയും നിര്‍വഹിക്കുന്നത് ദോഷങ്ങളെ ശമിപ്പിക്കാനുതകരിക്കുമെന്ന് പൂര്‍വ്വികര്‍ പറഞ്ഞു വയ്ക്കുന്നു.
കാത്യായന സമ്പ്രദായത്തില്‍ ലളിതാസഹ്രസനാമജപവും വളരെ പ്രധാനമാണ്. സാധാരണ ദിനങ്ങളില്‍ രണ്ടുതവണ ജപിക്കണമെന്നും വ്രതദിനങ്ങളില്‍ മൂന്നുതവണ ജപിക്കണമെന്നും നിര്‍ദേശിക്കാറുണ്ട്.
ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാത്യായനീവ്രതം അനുഷ്ഠിച്ചാല്‍ വിവാഹാഭാഗ്യവും ദീര്‍ഘസൗമംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. ദേവിയുടെ ഇഷ്ടനൈവേദ്യം റവ കേസരിയും നാളികേരം ചിരകിയിട്ട ചോറുമാണ്. ചെമ്പരത്തിപ്പൂ കൊണ്ടുള്ള അര്‍ച്ചനയാണ് ദേവിക്ക് അഭികാമ്യം. നീലാംബരി രാഗത്തിലുള്ള കീര്‍ത്തനങ്ങള്‍ ആലപിച്ചാല്‍ നല്ലതാണെന്നും ആചാര്യന്‍മാര്‍ പറയുന്നു.
ഏഴാംനാളില്‍ ദേവിയുടെ കാളരാത്രി ഭാവമാണ് പൂജയ്ക്കെടുക്കുന്നത്. സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ജീവിത വിജയമെന്ന തിരിച്ചറിവു നല്‍കുന്ന ക്രിയാശക്തിയാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്കു സമ്മാനിക്കുന്ന
പരബ്രഹ്‌മമാകുന്ന സര്‍വേശ്വരന്റെ ‘ഉപസംഹാര’ രൂപമാണിത്. കാളരാത്രി എന്ന ദേവീ അവതാരത്തെയാണ് നവരാത്രിയുടെ ഏഴാം ദിവസമായ സപ്തമിയില്‍ ആരാധിക്കുന്നത്. നവരാത്രിയുടെ ഏറ്റവും പ്രധാന മൂന്നു ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാളരാത്രിയുടെ ആരാധന.
കാലമാണല്ലോ ഓരോന്നിനെയും വിഘടിപ്പിക്കുന്നതിന്റെ പിന്നിലുള്ളത്. കാളരാത്രി എന്ന പേര് വിഘടനത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു. കഴുതയാണ് ഈ ദേവീഭാവത്തിലെ വാഹനം. വിദ്യുത്ശക്തി കൊണ്ടുള്ള ആഭരണങ്ങള്‍ പ്രാണോര്‍ജത്തിന്റെ പ്രതീകമായി പറയപ്പെടുന്നു. അഴിഞ്ഞതും ചിതറിയ രൂപത്തിലുള്ളതുമായ തലമുടി, തടയാനാകാത്ത ശക്തിവിലാസമാണ്. നാന്ദകം (വാള്‍) സംഹാരത്തെ സൂചിപ്പിക്കുന്നു. കാളരാത്രിയിലെ മുടിയുടെ അഴിച്ചിട്ട അവസ്ഥ സംഹാരത്തെ സൂചിപ്പിക്കുന്നതുകൊണ്ടാകാം, സ്ത്രീകള്‍ മുടിയഴിച്ചിടുന്നത് അശുഭമായി കരുതിപ്പോരുന്നത്.
കറുത്ത ശരീരമാര്‍ന്ന കാളരാത്രി ഭാവം, ദുര്‍ഗ്ഗയുടെ രൗദ്ര രൂപമാണ്. ത്രിലോചനയായ ദേവിയെ ദുര്‍ഗയുടെ ഭയാനക രൂപമായി കരുതിപോരുന്നു. ഭയപ്പെടുത്തുന്ന രൂപം ഉള്ളവളാണെങ്കിലും ഭക്തരോട് വാല്‍സല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി ഭാവം. എല്ലാവിധ ഭയങ്ങളും ക്ലേശങ്ങളും അകറ്റി ഭക്തര്‍ക്ക് ശാന്തിയും സമാധാനവും ദേവി പ്രദാനം ചെയ്യുന്നു.
നാലു കരങ്ങളുള്ള കാളരാത്രി മാതാവിന്റെ വലതു കരം സദാ ഭക്തരെ ആശീര്‍വദിച്ചു കൊണ്ടിരിക്കുന്നു. കാളരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തില്‍നിന്നും ക്ലേശങ്ങളില്‍നിന്നും സംരക്ഷിക്കുന്നു.സദാ ഭക്തരെ സംരക്ഷിക്കുന്നതിനാല്‍ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. രക്തബീജന്‍, ചണ്ഡമുണ്ഡന്‍ എന്നീ അസുരന്മാരെ ദേവി ഈ കാളീ രൂപത്തിലാണ് വധിച്ചതെന്ന് ഐതിഹ്യം. ശിവന്‍ ആയുസ്സ് നല്‍ക്കുമ്പോള്‍ പാര്‍വതി ശക്തി പ്രദാനം ചെയ്യുന്നു. ശിവന്‍ സംഹാര മൂര്‍ത്തിയായ മഹാകാലേശ്വരന്‍ ആകുമ്പോള്‍ പാര്‍വതി മഹാകാളി ആയി മഹാദേവനെ സംഹാര കര്‍മ്മത്തില്‍ സഹായിക്കുന്നുവെന്നും ആചാര്യന്‍മാര്‍ പറയുന്നു.
നവഗ്രഹങ്ങളില്‍ ശനിയെ നിയന്ത്രിക്കുന്നത് കാളരാത്രീ ദേവിയാണ്. അതിനാല്‍ കണ്ടകശ്ശനി , അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നവര്‍ നവരാത്രിയുടെ ഏഴാം നാള്‍ ദേവിയെ കാളരാത്രീ ഭാവത്തില്‍ ആരാധിക്കുന്നത് ദോഷപരിഹാരത്തിനുത്തമമാണ്. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം.
നവദുര്‍ഗാ ഭാവങ്ങളില്‍ എട്ടാമത്തെ ഭാവമാണ് മഹാഗൗരി. നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിക്ക് ദുര്‍ഗാ ദേവിയെ മഹാഗൗരി ഭാവത്തില്‍ ആരാധിച്ചു പോരുന്നു. തൂവെള്ള നിറമായതിനാലാണ് ദേവി മഹാഗൗരി എന്നറിയപ്പെടുന്നത്.
ഒരിക്കല്‍ പാര്‍വ്വതീദേവി ശിവഭഗവാനെ ഭര്‍ത്താവായി ലഭിക്കുവാന്‍ ഘോരതപസിലേര്‍പ്പെട്ടു. അനേകം നാളുകള്‍ നീണ്ടുനിന്ന ഘോര തപസ്സിന്റെ ഫലമായി ദേവിയുടെ ശരീരം മണ്ണുപുരണ്ട് കറുത്തനിറത്തിലായി. തപസില്‍ പ്രസന്നനായ ശിവന്‍ ദേവിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു ഭര്‍ത്താവാകാം എന്നു വരം നല്‍കി. തുടര്‍ന്ന് ശിവന്‍ പാര്‍വ്വതിയെ ഗംഗാജലത്താല്‍ അഭിഷേകം ചെയ്തു. അപ്പോള്‍ പാര്‍വ്വതിയുടെ കറുത്തനിറം പോയി, തല്‍സ്ഥാനത്ത് അതീവ ശോഭയുള്ള വെള്ളനിറം കൈവന്നു. അങ്ങിനെ ദേവിക്ക് മഹാഗൗരി എന്ന പേര് ലഭിച്ചു. അപ്പോള്‍ ദേവിയുടെ ശരീരം വെളുത്തു പ്രകാശം പൊഴിക്കുന്നതുപോലെയായെന്നും അന്നുമുതല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നുവെന്നും പുരാണങ്ങളില്‍ പറയുന്നു.
സ്വര്‍ണവും വെളുപ്പും ചേര്‍ന്ന നിറമാണ് ‘മഹാഗൗരി’ ഭാവത്തിനുള്ളത്. വെളുത്ത പൂക്കള്‍കൊണ്ടുള്ള മാലയും വെള്ളവസ്ത്രങ്ങളും അണിഞ്ഞ് വെളുത്തനിറമുള്ള കാളമേല്‍ സ്ഥിതിചെയ്യുന്നതാണ് ദേവീ ഭാവം. നാലു കൈകളാണ് ദേവിക്ക്. ത്രിശൂലം, കടുന്തുടി, അഭയമുദ്ര, വരദമുദ്ര എന്നിവ ഓരോ കൈകളില്‍ ധരിച്ചിരിക്കുന്നു. ഏറെ പ്രസന്നമാണ് ദേവിയുടെ രൂപവും ഭാവവും. ദേവീ വാഹനം കാളയാണ്.
ഈ രൂപത്തെ ആരാധിക്കുന്നതുകൊണ്ടുള്ള ഫലം ‘യുവത്വ’മാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടു വരുന്നു. രാഹുഗ്രഹപൂജയും ഹോമവും വേണമെങ്കില്‍ ഈ ദിനം ചെയ്യാവുന്നതാണ്. കേരളത്തില്‍ ഈ ദിവസം വൈകിട്ട് പൂജവയ്ക്കുന്ന രീതിയുണ്ട്. അതിനുശേഷം വിജയദശമിവരെ അക്ഷരം നോക്കാതിരിക്കുക എന്ന ശീലവുമുണ്ട്. ഇതുരണ്ടും മറ്റെങ്ങുമില്ല എന്നത് രസകരമാണ്.
അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാ വേളയിലാണ് പൂജവെപ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളുമാണ് പൂജയ്ക്കു വയ്ക്കുക. അടുത്ത ദിനമായ, നവമി നാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കേണ്ടത്.
പൂജവയ്പ്പ് അവരവരുടെ വീട്ടിലോ ക്ഷേത്രങ്ങളിലോ ആണ് നടത്തുക. പൊതുവേ എല്ലാവരും ക്ഷേത്രങ്ങളിലാണ് പൂജ വയ്ക്കാറുള്ളത്. കുട്ടികള്‍ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെന്‍സില്‍ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വയ്ക്കണം. മറ്റുള്ളവര്‍ കര്‍മ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കള്‍, ഭഗവത് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങള്‍ എന്നിവയും പൂജയ്ക്ക് വെയ്ക്കണം. വീട്ടിലാണെങ്കില്‍ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്.
ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയില്‍ ഒരു പീഠം വച്ച് അതില്‍ വയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയില്‍ വയ്ക്കരുത്. ഒരു നിലവിളക്ക് അഞ്ചുതിരിയിട്ട് കത്തിക്കണം. ചന്ദനത്തിരി, സാമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. ഫോട്ടോ വയ്ക്കുമ്പോള്‍ നടുവില്‍ സരസ്വതി, വലതുഭാഗത്ത് ഗണപതി, ഇടതുഭാഗത്ത് മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വയ്‌ക്കേണ്ടത്. ഈ മൂന്ന് മൂര്‍ത്തികള്‍ക്കും മാലയും മറ്റു പുഷ്പങ്ങളും ചാര്‍ത്തണം. തുടര്‍ന്ന് പുതിയ ബെഡ്ഷീറ്റോ പായയോ പേപ്പറോ വച്ച് അതില്‍ പൂജയ്ക്കു വയ്ക്കാനുള്ളതെല്ലാം ഒരുക്കിവയ്ക്കണം.
മഹാദുര്‍ഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന ഈ ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍ സകല പാപങ്ങളും നീങ്ങി ജീവിതം ഐശ്വര്യപൂര്‍ണമാകും. രാഹുവിന്റെ ദേവതയാണ് മഹാഗൗരീ ദേവി. രാഹുദോഷമുള്ളവര്‍ ദോഷപരിഹാരത്തിനായി ദേവിയെ മഹാഗൗരീ ഭാവത്തില്‍ ആരാധിക്കണമെന്നാണ് ആചാര്യമതം.
നവരാത്രിയിലെ അവസാന ദിവസം ദേവിയെ സിദ്ധിദാത്രി ഭാവത്തിലാണ് ആരാധിച്ചു പോരുന്നത്. ഭക്തര്‍ക്ക് സര്‍വ്വസിദ്ധികളും ദേവി പ്രധാനം ചെയ്യുന്നുവെന്ന് പണ്ഡിതമതം. താമരപൂവില്‍ ഉപവിഷ്ടയായ ദേവിക്ക് നാലുകരങ്ങളാണുള്ളത്. ചക്രം, ഗദ, ശംഖ്, താമര എന്നിവ ഏന്തിയ ദേവിയുടെ വാഹനം സിംഹമാണ്.
‘സിദ്ധി ദാനംചെയ്യുന്നവള്‍’ എന്നാണ് സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അര്‍ഥമാക്കുന്നത്. ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നല്‍കി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി.ഭഗവാന്‍ പരമശിവന് സര്‍വ്വ സിദ്ധികളും ലഭിച്ചത് സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണെന്നും അതിനാല്‍ തന്റെ പാതി ദേവിക്ക് നല്‍കി ഭഗവാന്‍ അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തില്‍ പറയുന്നത്. സ്വര്‍ണ വര്‍ണ്ണത്തോടുകൂടിയ ദേവി ദാനപ്രിയയും അഷ്ടൈശ്വര്യ പ്രദായനിയുമാണെന്ന് ആചാര്യമതം. നവഗ്രഹങ്ങളില്‍ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രിയെന്ന് കരുതപ്പെടുന്നു.
സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദേവി ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു.
















