കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയായ വയോധികയെ അറസ്റ്റ് ചെയ്ത് കോടതി കയറ്റിയിറക്കിയ സംഭവത്തില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
”കുറ്റം എന്താണെന്നറിയാതെ 80 കാരി കോടതി കയറിയിറങ്ങിയത് നാലു വര്‍ഷം” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. പാലക്കാട് ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വാങ്ങി.
1998 ഓഗസ്റ്റ് 16 ന് നടന്ന സംഭവമാണ് 80 കാരിയെ കോടതി കയറ്റിയിറക്കിയത്. രാജഗോപാല്‍ എന്നയാളുടെ അച്ഛന്റെ വീട്ടില്‍ ജോലിക്ക് നിന്ന ഭാരതി എന്ന സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങള്‍ കേടുവരുത്തുകയും ചെയ്തു. ഈ സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ക്രൈം 496/1998 നമ്പറായി കേസെടുത്ത് 1998 ഓഗസ്റ്റ് 17 ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചശേഷം പ്രതി മുങ്ങി. തുടര്‍ന്ന് പ്രതിക്കെതിരെ ലോങ്ങ് പെന്‍ഡിംഗ് വാറണ്ട് കോടതി പുറത്തിറക്കി.
തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം 2019 സെപ്റ്റംബര്‍ 24 ന് ആലത്തൂര്‍ വടക്കേത്തറ സ്വദേശിനി പാര്‍വ്വതി @ എം. ഭാരതി എന്ന വയോധികയെ യഥാര്‍ത്ഥ പ്രതിയെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി ജാമ്യമെടുപ്പിക്കാം എന്ന ഉറപ്പില്‍ പാര്‍വ്വതി @ എം. ഭാരതിയുടെ ബന്ധുക്കള്‍ അറസ്റ്റ് തടഞ്ഞു. താന്‍ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും വീട്ടുജോലിക്ക് നിന്നിട്ടില്ലെന്നും രാമായണം വായിച്ച് സമാധാനത്തോടെ കഴിയുകയാണെന്നും പറഞ്ഞിട്ടും പോലീസുകാരന്‍ വിശ്വസിച്ചില്ല.
2019 സെപ്റ്റംബര്‍ 25 ന് പാലക്കാട് ജെ.എം.സി.എം കോടതി III ല്‍ ഹാജരായി 10,000 രൂപയുടെ ജാമ്യത്തിലും 10, 00, 00 രൂപയുടെ രണ്ട്ആള്‍ ജാമ്യത്തിലും പാര്‍വ്വതി @ എം. ഭാരതിക്ക് കോടതി ജാമ്യം അനുവദിച്ചു. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ പാര്‍വ്വതി @ എം. ഭാരതി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇവരുടെ ബന്ധു, വാദിയായ തിരുനെല്ലായി വിജലപുരം കോളനി സ്വദേശി രാജഗോപാലിനെ കണ്ട് പരാതി പിന്‍വലിപ്പിച്ചതോടെ പാര്‍വ്വതി @ എം. ഭാരതിയെ കോടതി
വെറുതെവിട്ടു. 4 വര്‍ഷം 8 തവണയാണ് ഇവര്‍ കോടതി കയറിയിറങ്ങിയത്.പാലക്കാട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതിയുടെ വിലാസം ശരിയായ രീതിയില്‍ പരിശോധിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു അബദ്ധം സംഭവിക്കുകയില്ലായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പ്രതിയുടെ മേല്‍വിലാസം പരിശോധിക്കാതെയാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വയോധികയുടെ അന്തസിന് ഇടിവ് സംഭവിക്കാനും ജീവിതത്തില്‍
വലിയ ആഘാതം സൃഷ്ടിക്കാനും ഈ സംഭവം ഇടയാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വാച്യാ അന്വേഷണം ഉത്തരവായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. രണ്ടുദ്യോഗസ്ഥര്‍ വിരമിച്ചതിനാല്‍ ഇവരുടെ പേരില്‍ അച്ചടക്കനടപടി സ്വീകരിക്കുന്നതിനായി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
താന്‍ പ്രായാധിക്യവും രോഗവും കാരണം യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും അതിനാല്‍ നഷ്ടപരിഹാരം ആഗ്രഹിക്കുന്നില്ലെന്നും പാര്‍വ്വതി @ എം. ഭാരതിയും സഹോദരന്‍ കൊച്ചുകൃഷ്ണനും കമ്മീഷനെ അറിയിച്ചു. വയോധികക്ക് മനുഷ്യാവകാശ ലംഘനം സംഭവിച്ചതായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിലയിരുത്തി. ഇരയ്ക്ക് നഷ്ടപരിഹാരത്തില്‍ താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ കമ്മീഷന്‍ അതിലേക്ക് കടന്നില്ല. എന്നാല്‍ ഗുരുതരമായ ക്യത്യവിലോപം സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവിക്കും കൈമാറിയിട്ടുണ്ട്.
CONTENT HIGH LIGHTS; Action should be taken against police officers who accused innocent people; Human Rights Commission
















