മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായി മാറുകയാണ് 2025 ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞതിനൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയതും ഈ വർഷം തന്നെ
ഈ വർഷം ഇതുവരെ തിയേറ്ററുകളിൽ എത്തിയ മൂന്ന് മോഹൻലാൽ ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ വൻവിജയമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലൂടെയായി മോഹൻലാൽ സ്വന്തമാക്കിയത് 598 കോടി രൂപയുടെ ആഗോള കളക്ഷനാണ്. മലയാള സിനിമാ ഇൻഡസ്ട്രിയിൽ, ഒരു നടൻ്റെ ഒരു വർഷത്തെ റിലീസുകൾ ഇത്തരമൊരു സ്വപ്നസമാനമായ നേട്ടം കൈവരിക്കുന്നത് ഇതാദ്യമാണ്.
മോഹൻലാൽ – പൃഥ്വിരാജ് ടീമിൻ്റെ ഈ വർഷത്തെ ആദ്യ റിലീസായ ‘എമ്പുരാൻ’ ആഗോള ബോക്സ് ഓഫീസിൽ നിന്നും 265 കോടിയാണ് നേടിയത്. മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് എമ്പുരാൻ. അടുത്തിടെയാണ് ലോക, എമ്പുരാന്റെ കളക്ഷൻ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്.
എമ്പുരാന് തൊട്ടുപിന്നാലെ എത്തിയ, തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ചരിത്രം ആവർത്തിച്ചു. മോഹൻലാലിൻ്റെ 360-ാമത് ചിത്രമായ തുടരും ആഗോള ബോക്സ് ഓഫീസിൽ നിന്നും 233 കോടി കളക്ട് ചെയ്തു.
ഇപ്പോഴിതാ, ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘ഹൃദയപൂർവ്വം’ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രം 100 കോടി ക്ലബ്ബിൽ കയറിയ സന്തോഷം അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ഈ മൂന്ന് ബ്ലോക്ക്ബസ്റ്ററുകൾ ചേരുമ്പോൾ 2025 മോഹൻലാലിന് നൽകിയത് 598 കോടിയുടെ അത്യുജ്ജ്വലമായ വിജയമാണ്.
മോഹൻലാലിൻ്റെ ഈ ചരിത്രവിജയം ഒരു വ്യക്തിഗത നേട്ടത്തിനപ്പുറം, മലയാള സിനിമയുടെ കൂടെ വിജയമായി മാറുകയാണ്. മറ്റു ഇൻഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കോടികളുടെ പണക്കിലുക്കം അവകാശപ്പെടാനില്ലാത്ത ഒരു റീജിയണൽ ഇൻഡസ്ട്രിയിൽനിന്നുമുള്ള ഒരു താരം ഒരു വർഷം 600 കോടിയോളം കളക്ഷൻ സ്വന്തമാക്കി എന്നത് ഇന്ത്യൻ സിനിമയുടെ തന്നെ ശ്രദ്ധ ആകർഷിക്കുന്ന കാര്യമാണ്.
ഒടിടി പ്ലാറ്റ്‌ഫോമുകൾ സജീവമായി നിലനിൽക്കുന്ന ഈ കാലഘട്ടത്തിലും മോഹൻലാൽ ചിത്രങ്ങൾ തിയേറ്ററുകളിൽ നേടിയ ഈ സ്വപ്നതുല്യമായ വിജയം, മലയാള സിനിമയുടെ ആഗോള സ്വീകാര്യതയും വിപണനമൂല്യവും എത്രത്തോളം വർദ്ധിച്ചു എന്നതിൻ്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. മോഹൻലാൽ എന്ന നടൻ്റെ സ്റ്റാർഡം ഇന്നും ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ നിർണ്ണായക ഘടകമാണ് എന്ന് ഈ കണക്കുകൾ അടിവരയിട്ട് തെളിയിക്കുന്നു.
















