രാജ്യത്ത് ഉത്സവ സീസൺ ആരംഭിച്ചു കഴിഞ്ഞു. ദീപാവലിക്ക് മുന്നോടിയായി കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും തങ്ങളുടെ ക്ഷാമബത്ത (DA Hike), ക്ഷാമാശ്വാസം (DR Hike) എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
വർഷത്തിൽ രണ്ടുതവണയാണ് സർക്കാർ ഇതിൽ വർദ്ധനവ് വരുത്തുന്നത്. ഈ വർഷം (2025) രണ്ടാം തവണയുള്ള വർദ്ധനവിനായുള്ള കാത്തിരിപ്പിലാണ് ജീവനക്കാർ. ദീപാവലിക്ക് മുമ്പ് തന്നെ ഡിഎ വർധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, കേന്ദ്ര സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കുമുള്ള ഫെഡറേഷൻ (Federation) ധനമന്ത്രി നിർമ്മല സീതാരാമന് കത്തെഴുതുകയും എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
വർഷത്തിൽ രണ്ടുതവണയാണ് ഡിഎ/ഡിആർ പരിഷ്കരിക്കുന്നത്. ഈ വർഷത്തെ ആദ്യത്തെ ഡിഎ വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ട മാറ്റം ഇപ്പോഴും നിലനിൽക്കുകയാണ്. അതിനാൽ, ദീപാവലിക്ക് മുമ്പ് സർക്കാർ വലിയ പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ജീവനക്കാരും പെൻഷൻകാരും.
ബിസിനസ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം, ധനമന്ത്രിക്ക് എഴുതിയ കത്തിൽ കേന്ദ്ര ജീവനക്കാരുടെയും തൊഴിലാളികളുടെയും ഫെഡറേഷൻ ഉടനടി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 1, 2025 മുതൽ പ്രാബല്യത്തിൽ വരേണ്ട ഡിഎ/ഡിആർ ഗഡു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത് സാധാരണയായി സെപ്റ്റംബർ അവസാന വാരത്തിൽ പ്രഖ്യാപിക്കുകയും മൂന്ന് മാസത്തെ കുടിശ്ശിക ഒക്ടോബർ ആദ്യ വാരത്തിൽ നൽകുകയും ചെയ്യാറുണ്ട്. ഈ കാലതാമസം ജീവനക്കാർക്കും പെൻഷൻകാർക്കും ഇടയിൽ നിരാശ വർദ്ധിപ്പിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.
എങ്കിലും, ഇത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ഇതുവരെ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. എങ്കിലും, കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ 3% വർദ്ധനവ് വരുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ, കേന്ദ്ര സർക്കാരിലെ 50 ലക്ഷത്തിലധികം ജീവനക്കാർക്കും ഏകദേശം 65 ലക്ഷം പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും. ജനുവരി മുതൽ ഡിഎ, ഡിആർ എന്നിവയിൽ 2% വർധനവ് വരുത്തി അത് 53% ൽ നിന്ന് 55% ആയി ഉയർത്തിയിരുന്നു. പുതിയ 3% വർധനവ് കൂടി വരുമ്പോൾ ഇത് 58% ആയി ഉയരും.
ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു പ്രധാന ഭാഗമാണ് ക്ഷാമബത്ത. വ്യവസായ തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചികയുടെ (CPI-IW) അടിസ്ഥാനത്തിലാണ് സർക്കാർ ഇതിലെ വർദ്ധനവ് കണക്കാക്കുന്നത്. ഇത് എല്ലാ മാസവും ലേബർ ബ്യൂറോയാണ് പുറത്തിറക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം രൂപപ്പെടുത്തിയ ഒരു പ്രത്യേക ഫോർമുല ഉപയോഗിച്ചാണ് സർക്കാർ കഴിഞ്ഞ 12 മാസത്തെ CPI-IW ശരാശരി കണക്കാക്കുന്നത്.
ഈ പ്രാവശ്യം ജീവനക്കാരുടെ ക്ഷാമബത്ത 3% വർദ്ധിച്ച് 58% ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വലിയ വർദ്ധനവിന് കാരണമാകും. കണക്കുകൂട്ടൽ വളരെ ലളിതമാണ്. എൻട്രി ലെവൽ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ അടിസ്ഥാനമാക്കി നോക്കുകയാണെങ്കിൽ, 55% പ്രകാരം ഇതുവരെ 9,900 രൂപയാണ് ഡിഎ ലഭിച്ചിരുന്നത്. എന്നാൽ 3% വർദ്ധനവിനുശേഷം 58% കണക്കാക്കുമ്പോൾ പ്രതിമാസം 540 രൂപയുടെ വർദ്ധനവുണ്ടാകും. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 10,440 രൂപയായി ഉയരും. അതായത്, അവർക്ക് പ്രതിവർഷം 6,480 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും.
















