ലോക സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം അത്ഭുതങ്ങള്‍ സൃഷ്ടിച്ചതും കളക്ഷന്‍ നേടിയതുമായ ചിത്രങ്ങളിലൊന്നാണ് ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍. ഇപ്പോഴിതാ അവതാര്‍ സീരിസിലെ മൂന്നാമത്തെ സിനിമ പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. ‘അവതാര്‍ : ഫയര്‍ ആന്‍ഡ് ആഷ്’ എന്ന മൂന്നാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ആദ്യ രണ്ട് ഭാഗങ്ങള്‍ പോലെ ഒരു ദൃശ്യവിസ്മയം തന്നെയാകും ഈ മൂന്നാം ഭാഗവും എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചിലരും ഈ മൂന്നാം ഭാഗത്തിലുണ്ട്. ഗംഭീര വിഷ്വല്‍ ക്വാളിറ്റി സിനിമ ഉറപ്പുനല്‍കുന്നുണ്ട്. ഈ വര്‍ഷം ഡിസംബര്‍ 19 ന് 2d, 3d ഐമാക്‌സ് സ്‌ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും.
ജെയിംസ് കാമറൂണ്‍, റിക്ക് ജാഫ, അമാന്‍ഡ സില്‍വര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സാം വര്‍ത്തിംഗ്ടണ്‍, സോ സാല്‍ഡാന, സിഗോര്‍ണി വീവര്‍, സ്റ്റീഫന്‍ ലാങ്, ജിയോവന്നി റിബിസി, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍.
2022 ല്‍ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗമായ ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 350 മില്യണ്‍ ഡോളറില്‍ അണിയിച്ചൊരുക്കിയ സിനിമ ആഗോള തലത്തില്‍ നിന്നും നേടിയത് 2 ബില്യണ്‍ ഡോളറിനും മുകളിലാണ്.















