ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി മുതൽ യു പി ഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് ഖത്തറില്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം ഉപയോഗിക്കാൻ സൗകര്യം ഏർപ്പെടുത്തിയത്.
ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിലാണ് യുപിഐ സൗകര്യം ഏർപ്പെടുത്തിയതെന്ന് ഇന്റര്‍നാഷനല്‍ പേയ്മെന്റ്‌സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) പറഞ്ഞു.
എന്‍ഐപിഎല്ലും ഖത്തര്‍ നാഷനല്‍ ബാങ്കും (ക്യുഎന്‍ബി) തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ഖത്തറില്‍ യുപിഐ സംവിധാനം നിലവില്‍വന്നത്.
പോയിന്റ്-ഓഫ്-സെയില്‍ ടെര്‍മിനലുകളില്‍ ക്യു.ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ വഴി ഖത്തറിലുടനീളം യുപിഐ വഴി പണമടയ്ക്കാൻ സാധിക്കും.
ഖത്തറിലേക്കെത്തുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് പുതിയ സംവിധാനം ഏറെ ഉപകാരപ്പെടും. ഖത്തറിലെത്തുന്ന വിദേശ വിനോദസഞ്ചാരികളില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് ഇന്ത്യക്കാര്‍. ഖത്തർ ബാങ്കുമായുള്ള പങ്കാളിത്തം ഏറെ ഫലപ്രദമാണെന്ന് എന്‍ഐപിഎല്‍ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു.
















