തൊട്ടതെല്ലാം പൊന്നാക്കിയ മോഹൻലാൽ – സത്യൻ അന്തിക്കാട് കോംബോയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയപൂർവ്വം’. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 75.73 കോടി കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 29.25 കോടിയാണ് ഹൃദയപൂര്‍വ്വം നേടിയത്.
ഇപ്പോഴിതാ ഹൃദയപൂര്‍വ്വം ജിയോ ഹോട്‍സ്റ്റാറിലൂടെ സ്‍ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മോഹൻലാല്‍- സംഗീത് പ്രതാപ് കോമ്പോ വര്‍ക്ക് ആയിരിക്കുന്നുവെന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങള്‍.
മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രാഹണവും ചിത്രത്തിന്റെ ആകര്‍ഷണങ്ങളാണ്. മികച്ച ഫീല്‍ ഗുഡ് ചിത്രമാണ് ഹൃദയപൂര്‍വം എന്നാണ് പൊതുവെയുള്ള പ്രതികരണങ്ങള്‍.
അതേസമയം ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ എത്തിയിട്ടുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ എത്തിയത്.
സത്യൻ അന്തിക്കാടിന്‍റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ‘ഹൃദയപൂര്‍വ്വ’ത്തിനുണ്ട്. ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. നവാഗതനായ ടി പി സോനു ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിൻ്റെയും സത്യൻ അന്തിക്കാടിൻ്റെയും ഈ കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നവർക്ക് വീട്ടിലിരുന്ന് ആസ്വദിക്കാൻ പറ്റിയ ഒരു ചിത്രമാണിത്.
















