ഇത്തവണ ദേശീയചലച്ചിത്രപുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന വിശേഷണം ട്രീഷ തോസറിന് സ്വന്തം. മോഹൻലാൽ, ഷാരൂഖ് ഖാൻ, റാണി മുഖർജി, വിക്രാന്ത് മാസി എന്നിവർ പുരസ്‌കാരമേറ്റുവാങ്ങിയ വേദിയിൽ ഏവരും കൗതുകത്തോടെ നോക്കിയതും ഈ ആറുവയസ്സുകാരിയെ തന്നെ.
മറാത്തി സിനിമയായ ‘നാൽ 2’വിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ട്രീഷയെ തേടിയെത്തിയത്. അവാർഡ് നൽകുന്നതിനായി വേദിയിലേക്ക് ക്ഷണിക്കുമ്പോൾ അവതാരക ആ പെൺകുട്ടിയെ വിശേഷിപ്പിച്ചതിങ്ങനെ, ”അവളുടെ സ്വാഭാവികതയും നിഷ്‌കളങ്കതയും സാന്നിധ്യവും കൊണ്ട് സിനിമയെ ഉയർത്തിയ പെൺകുട്ടി”.
കമൽ ഹാസൻ തൻ്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ പ്രധാന പുരസ്‌കാരം നേടുന്നത് 1960-ലാണ്. ‘കളത്തൂർ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് അന്നത്തെ രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ (മികച്ച ബാലതാരത്തിന് നൽകിയിരുന്ന പുരസ്‌കാരം) ലഭിക്കുമ്പോൾ അദ്ദേഹത്തിന് ആറ് വയസ്സായിരുന്നു പ്രായം.
ഇന്ത്യൻ സിനിമയിലെ ഒരു ബാലപ്രതിഭയുടെ ആദ്യത്തെ ദേശീയ തലത്തിലുള്ള നേട്ടമായി ഇത് കണക്കാക്കപ്പെടുന്നു. എന്നാൽ, നാല് വയസ്സുള്ളപ്പോൾ ട്രീഷ തോസർ ഇതേ പുരസ്‌കാരം (മികച്ച ബാലതാരം) നേടിയതോടെ, കമൽ ഹാസൻ്റെ ഈ റെക്കോർഡ് ട്രീഷയുടെ പേരിൽ കുറിക്കപ്പെട്ടു. കുറഞ്ഞ പ്രായത്തിൽ ദേശീയ അവാർഡ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ട്രീഷ ഇപ്പോൾ മുൻപന്തിയിലാണ്.
തൻ്റെ റെക്കോർഡ് ഒരു കൊച്ചുമിടുക്കി തകർത്തതിൽ സന്തോഷം അറിയിച്ചുകൊണ്ട് കമൽ ഹാസൻ തന്നെ രംഗത്തെത്തി. ട്രീഷയെ അഭിനന്ദിച്ച് അദ്ദേഹം എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്;
“പ്രിയപ്പെട്ട മിസ്. ട്രീഷ തോസർ, എൻ്റെ ഏറ്റവും വലിയ അഭിനന്ദനം നിങ്ങൾക്കാണ്. എൻ്റെ റെക്കോർഡ് നിങ്ങൾ തകർത്തിരിക്കുന്നു, കാരണം എൻ്റെ ആദ്യ അവാർഡ് നേടുമ്പോൾ എനിക്ക് ആറ് വയസ്സായിരുന്നു! മുന്നോട്ട് പോവുക മാഡം. നിങ്ങളുടെ അവിശ്വസനീയമായ പ്രതിഭയിൽ തുടർന്നും പ്രവർത്തിക്കുക. നിങ്ങളുടെ വീട്ടിലുള്ള മുതിർന്നവരോടുള്ള എൻ്റെ ആദരവും അറിയിക്കുന്നു.”
കൂടാതെ, കമൽ ഹാസൻ വീഡിയോ കോൾ വഴി ട്രീഷയുമായി സംസാരിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. കമൽ ഹാസൻ ട്രീഷയെ അഭിനന്ദിക്കുന്ന ഈ ഒരു നിമിഷം ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ അതിമനോഹരമായ കാഴ്ചയായി മാറി.
















