ഷെയ്ന്‍ നിഗം നായകനായി ഇന്ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് ബള്‍ട്ടി.
കേരള തമിഴ്നാട് അതിര്‍ത്തിയിലെ വേലംപാളയം എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം സ്പോര്‍ട്സ് ആക്ഷന്‍ ജോണറിലുള്ളതാണ്.
ഒരു പക്കാ ആക്ഷന്‍ എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടക്കം മുതലേ ചടുലമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ബള്‍ട്ടി, ഫ്‌ലാഷ്ബാക്കില്‍ ബള്‍ട്ടിയുടെ കഥ പറഞ്ഞിരിക്കുന്നതും ആകര്‍ഷകമാണ്. കബഡി മത്സരത്തിന്റെ ആവേശവും അക്ഷരാര്‍ഥത്തില്‍ സിനിമയെ ത്രസിപ്പിക്കുന്നതാക്കുന്നു.
നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നവാഗതന്റെ പതര്‍ച്ചകളില്ലാതെ ഇരുത്തംവന്ന സംവിധായകന്റെ ആഖ്യാന വൈഭവത്തോടെ ബള്‍ട്ടി ഒരുക്കാന്‍ ഉണ്ണി ശിവലിംഗത്തിന് സാധിച്ചിട്ടുമുണ്ട്. ചടുലമായ ആഖ്യാനം പ്രമേയത്തിന്റെ സ്വാഭാവത്തെ സാധൂരിക്കുന്ന തരത്തിലുമുള്ളതാണ്. സിനിമാറ്റിക്കും എന്നാല്‍ വിശ്വസനീയവുമായ തിരക്കഥയാണ് സംവിധായകന്‍ ബള്‍ട്ടിക്കായി ഒരുക്കിയിരിക്കുന്നത്.
അഭിനേതാക്കളുടെ കാര്യമെടുത്താന്‍ ഷെയ്ന്‍ നിഗത്തിന്റെ ഒരു വിളയാട്ടമാണ് ബള്‍ട്ടി. ഇരുപത്തിയഞ്ചാമത്തെ സിനിമയില്‍ എത്തിനില്‍ക്കുമ്പോള്‍ താന്‍ തീര്‍ത്തും ഒരു സ്റ്റാര്‍ മെറ്റീരിയലാണ് എന്ന് ബള്‍ട്ടിയില്‍ അടിവരയിടുന്നുണ്ട് ഷെയ്ന്‍ നിഗം. ആര്‍ഡിഎക്‌സിലുടെ ആക്ഷനും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഷെയ്ന്‍ നിഗം ബള്‍ട്ടിയില്‍ അസാധ്യ മെയ്‌വഴക്കത്തോടെയാണ് സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് എന്നും എടുത്തുപറയേണ്ടതാണ്. പ്രണയവും ഇമോഷനുമെന്നും ഷെയ്‌നില്‍ ഭദ്രം. ഷെയ്ന്‍ നിഗത്തിന്റെ ഒരു റീ ലോഞ്ച് ആയി കണക്കാക്കാവുന്നതുമാണ് ബള്‍ട്ടി.
ഷെയ്ന്‍ നിഗത്തിനു പുറമേ ശന്തനു ഭാഗ്യരാജ് ആണ് ബള്‍ട്ടിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. തമിഴ് പശ്ചാത്തലമുള്ള കഥാപാത്രമായ കുമാറായി ശന്തനു മിന്നിത്തിളങ്ങിയിരിക്കുന്നു. വിവിധ അടരുകളുള്ള ഒരു കഥാപാത്രമാണ് സിനിമയില്‍ ശന്തനുവിന്റേത്. ഭൈരവനായി എത്തിയിരിക്കുന്ന തമിഴ് താരവും സംവിധായകനുമായ ശെല്‍വരാഘവന്‍ പക്വതയാര്‍ന്ന പ്രകടനത്തിലൂടെ പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഭാവം പകര്‍ന്നിരിക്കുന്നു. ജീമാ എന്ന കഥാപാത്രമായി ബാള്‍ട്ടി സിനിമയില്‍ എത്തിയ പൂര്‍ണിമാ ഇന്ദ്രജിത്തും പ്രകടനം കൊണ്ട് തലയെടുപ്പോടെ നില്‍ക്കുന്നു. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ സോഡാ ബാബു എന്ന കഥാപാത്രവും വേറിട്ടുനില്‍ക്കുന്നു. സായ് അഭ്യങ്കര്‍ ആദ്യമായി മലയാളത്തിലെത്തിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബള്‍ട്ടിക്ക് ഉണ്ട്.
ഛായാഗ്രഹണം: അലക്സ് ജെ പുളിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍: വാവ നുജുമുദ്ദീന്‍, എഡിറ്റര്‍: ശിവ്കുമാര്‍ വി പണിക്കര്‍, കോ പ്രൊഡ്യൂസര്‍: ഷെറിന്‍ റെയ്ച്ചല്‍ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് നാരായണ്‍, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണല്‍ ഡയലോഗ്: ടിഡി രാമകൃഷ്ണന്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, വിക്കി, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍ എം, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ശബരിനാഥ്, രാഹുല്‍ രാമകൃഷ്ണന്‍, സാംസണ്‍ സെബാസ്റ്റ്യന്‍, മെല്‍ബിന്‍ മാത്യു (പോസ്റ്റ് പ്രൊഡക്ഷന്‍), വസ്ത്രാലങ്കാരം: മെല്‍വി ജെ, ഡി.ഐ: കളര്‍ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാര്‍, സ്റ്റില്‍സ്: സജിത്ത് ആര്‍.എം, വിഎഫ്എക്സ്: ആക്സല്‍ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷന്‍: മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുണ്‍ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്റണി, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: മിലിന്ദ് സിറാജ്, ടൈറ്റില്‍ ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: വിയാക്കി, ആന്റണി സ്റ്റീഫന്‍, റോക്കറ്റ് സയന്‍സ്, മാര്‍ക്കറ്റിംഗ്: വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ് എല്‍എല്‍പി, പിആര്‍ഒ: ഹെയിന്‍സ്, യുവരാജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
















