മലയാളികളുടെ ഇഷ്ട സ്ഥലമാണ് മൊസൂർ അഥവാ മൈസൂരു.മൈസൂർ കൊട്ടാരവും ദസറയും ചാമുണ്ഡി ഹിൽസും എത്ര തവണ കണ്ടുവെന്നു പറഞ്ഞാലും മലയാളികൾക്ക് അറിയാത്ത മറ്റൊരു മൈസൂർ കൂടിയുണ്ട്. മഹിഷാസുര മർദ്ദിനിയിൽ നിന്നും പേരു കിട്ടി, ഇന്ത്യയിലെ ഇന്നും വളർന്നു കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ മൈസൂരിന്‍റെ അറിയപ്പടാത്ത കഥകളിലേക്ക്…
മൈസൂരിന്റെ യഥാർഥ പേര് മഹിഷുരു എന്നായിരുന്നുവത്രെ. ഇവിടുത്തെ ചാമുണ്ഡി ഹിൽസിന്‍റെ മുകളിൽ വെച്ചാണ് ചാമുണ്ഡേഷ്വരി മഹിഷാസുരൻ എന്ന അസുരനെ വധിച്ചത്. അങ്ങനെ മഹിഷുരു എന്ന പേരു വരുകയും പിന്നീട് ഇംഗ്ലീഷുകാർ അതിനെ മൈസൂർ എന്നാക്കി മാറ്റുകയും ചെയ്യുകയായിരുന്നു. ഇവിടുത്തെ ജനങ്ങളുടെ ഇടയിൽ ഏറെ ദുരിതം വിതച്ചിരുന്ന മഹിഷാസുരനെ വധിച്ചതിനു ശേഷം ദേവി ഇവിടെ ചാമുണ്ഡി ഹിൽസിൽ കുടി കൊണ്ടു എന്നുമൊരു വിശ്വാസമുണ്ട്. എന്തു തന്നെയായാലും ഇന്ന് മൈസൂരിലെത്തുന്നവരുടെ പ്രധാന കാഴ്ചകളിലൊന്ന് ഇവിടമാണ്. ആദ്യ കാലങ്ങളിൽ എരുമയൂരെന്നും മൈസൂരിന് പേരുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരങ്ങളിലൊന്ന് ആസൂത്രിതമായി വികസം നടത്തിയ ഏഷ്യയിലെ തന്നെ ആദ്യ നഗരങ്ങളിലൊന്നാണ് മൈസൂർ. 1900 കളിൽ ഇവിടുത്തെ മഹാരാജാവായിരുന്ന കൃഷ്ണരാജ വോഡയാർ നാലാമനാണ് ഇതിനു വേണ്ടുന്ന നടപടികൾ സ്വീകരിച്ചത്. അതിന്റെ ബാക്കി പത്രമാണ് ഇന്നു ഈ നഗരത്തിനുണ്ടായിരിക്കുന്ന വികസനമും മറ്റും. ഇന്ന് കർണ്ണാടകയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ അതിവേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നും മൈസൂരാണ്.
മൈസൂരിലെ പ്രധാന ആകർഷണ കേന്ദ്രമാണ് മൈസൂർ പാലസ്. കാലങ്ങള്‍ പഴക്കമുള്ള ഈ രാജകൊട്ടാരം അതിന്റെ ചരിത്ര പ്രാധാന്യം കൊണ്ട് നിങ്ങളെ വിസ്മയിപ്പിക്കുന്നു.മൈസൂരിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമാണ് വോഡയാർ രാജാക്കന്മാർ ഭരിച്ചിരുന്ന സമയം. ഏകദേശം 400 കൊല്ലത്തിലധികം വോഡയാർ രാജാക്കന്മാരുടെ ഭരണം നീണ്ടു നിന്നു. എ.ഡി. 1400-നോടടുപ്പിച്ച് വഡയാർ രാജവംശം സ്ഥാപിച്ച ഇവിടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ അവരുടേതായിരുന്നു ഭരണം. കൃത്യമായി പറഞ്ഞാൽ 1399 മുതൽ 1761 വരെയും പിന്നീട് 1799 മുതൽ 1947 വരെ. 1399 ൽ യാദുരയ്യ വൊഡയാർ ആണ് ഈ രാജവംശം സ്ഥാപിച്ചത്. ഇന്ത്യയിൽ ഇത്രയും ദീർഘകാലം രാജ്യം ഭരിച്ച മറ്റൊരു രാജവംശം ഇല്ല എന്നുതന്നെ പറയാം.14ാം നൂറ്റാണ്ടിലാണ് വാഡിയാര്‍ രാജവംശം കൊട്ടാരം നിർമ്മിക്കുന്നത്. അംബവിലാസ് കൊട്ടാരം എന്നാണ് പേരിട്ടത്.വോഡയാർ രാജാക്കന്മാർ മൈസൂരിനെ കീഴടക്കുമ്പോൾ കോട്ടയ്ക്കുള്ളിൽ തടിയുപയോഗിച്ച് ഒരു കൊട്ടാരം നിർമ്മിച്ചിരുന്നുവത്രെ. പല തവണ പുനർനിർമ്മാണത്തിന് വിധേയമായ ഈ കൊട്ടാരം ഒരിക്കൽ ജയലക്ഷ്മാന്നി എന്ന രാജകുമാരിയുടെ വിവാഹ സമയത്ത് കത്തി നശിച്ചു എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് 1897 ലാണ് പുതിയ കൊട്ടാരം നിർമ്മിക്കുവാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ശേഷം കൃഷ്ണ രാജേന്ദ്ര വോഡയാർ നാലാമന്റെ കാലത്ത് ബ്രിട്ടീഷ് ആർകിടെക്ട് ആയിരുന്ന ഹെന്‍റി ഇർവിങ്ങാണ് കൊട്ടാരം നിർമ്മിക്കുന്നത്. നീണ്ട 15 വർഷങ്ങളെടുത്ത് 1912 ലാണ് ഇന്നു കാണുന്ന മൈസൂർ കൊട്ടാരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. ഓരോ വർഷവും ഇവിടെ കൊട്ടാരം കാണുവാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വര്‍ധനവ് ഉണ്ടാകാറുണ്ട്. കഴിഞ്ഞ ആറു മില്യണിലധികം ആളുകൾ ഇവിടെ എത്തിയിരുന്നു.
സന്ദര്‍ശന സമയത്ത് കൊട്ടാരത്തിന് അകത്തേക്ക് പാദരക്ഷകള്‍ അനുവദിക്കില്ല. പ്രവേശന കവാടത്തിന് തൊട്ടരികില്‍ സജീകരിച്ചിട്ടുള്ള കൗണ്ടറുകളില്‍ ഇവ സൂക്ഷിക്കാവുന്നതാണ്. കൊട്ടാരത്തിന് അകത്ത് ഫോട്ടോയെടുക്കുന്നതിനും വിലക്കുണ്ട്.
















