മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലും അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇന്നും അതിനുള്ള പ്രതിവിധികൾ തേടി അലയുന്നവരാകും നമ്മളിൽ ഏറെയും. എന്നാൽ ചിലർ താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത് തന്നെ. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. താരൻ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ നോക്കിയാലോ.
ഉലുവ

താരനെതിരെ വളരെ ചെലവ് കുറഞ്ഞതും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമായ ഒന്നാണ് ഉലുവ. താരനെ വേരോടെ പിഴുതു കളയാനും മുടി വളര്‍ച്ച വേഗത്തിലാക്കാനും ഉലുവ സഹായിക്കും. മുടിയും ശിരോചർമ്മവും ശക്തിപ്പെടുത്താൻ സഹായിക്കുന്ന സപ്ലിമെന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് 30 മിനിറ്റു നേരം തലയിൽ വെച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി മാറ്റാം.
കറ്റാർ വാഴ

കറ്റാർ വാഴ നിങ്ങളുടെ മുടിയെ മൃദുവും മിനുസമാർന്നതുമാക്കി മാറ്റുകയും വേരുകളിൽ നിന്ന് അതിനെ ശക്തിപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. കാറ്റ്റാര്വാഴയിലെ ഗുണങ്ങൾ താരൻ തടയുകയും തലയിലെ ചൊറിച്ചിൽ അകറ്റി ശാന്തമാക്കുകയും ചെയ്യുന്നു. കറ്റാർ വാഴയിൽ നിന്ന് ജെൽ എടുക്കുക. ഇത് തലയിൽ നേരിട്ട് പ്രയോഗിച്ച് 15 മിനിറ്റ് നേരം മസാജ് ചെയ്യുക. മറ്റൊരു 30 മിനിറ്റ് നേരം വെറുതെ വിടുക. ശേഷം, ഷാംപൂ ഉപയോഗിച്ച് തല കഴുകുക. മാസത്തിൽ ഒരിക്കൽ ഇത് ചെയ്യാം. കൂടാതെ കറ്റാർ വാഴയ്ക്കൊപ്പം ഉലുവ ഉപയോഗിക്കുമ്പോള്‍ ഗുണങ്ങള്‍ ഏറെയാണ്.
വേപ്പില

താരന്റെ പ്രശ്നം അലട്ടുന്നവർ ആദ്യം തിരയുന്ന ഒന്നാണ് വേപ്പില. ചൊറിച്ചിൽ, ശിരോചർമ്മത്തിലെ ചുവന്ന പാടുകൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ വേപ്പിലയ്ക്കാകുന്നു. കുറച്ച് വേപ്പില എടുത്ത് മിക്സിയിൽ അടിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ തലയിൽ ഈ മാസ്ക് പുരട്ടി 15-20 മിനിറ്റ് നേരം ഇടുക. ശേഷം, നിങ്ങളുടെ തലമുടി തണുത്ത വെള്ളത്തിൽ കഴുകുക.
തൈര്

എല്ലാവർക്കും വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫലപ്രദമായ ഘടകമാണ് തൈര്. ഇത് താരൻ, വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ശിരോചർമ്മം എന്നിവയ്ക്ക് മതിയായ മാർഗം തന്നെയാണ്. അര കപ്പ് തൈര് എടുത്ത് തൊലികളഞ്ഞതും നന്നായി അടിച്ചതുമായ പപ്പായയുമായി കലർത്തുക. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റ് സൂക്ഷിക്കുക. ശേഷം മുടി കഴുകുക.
ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ താരൻ, വരണ്ട ചർമ്മം, തലയിൽ ഉണ്ടാകുന്ന ഫംഗസ് എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്ന ഫലപ്രദമായ വസ്തുവാണ്. കൂടാതെ ഇതിൽ ആന്റിസെപ്റ്റിക്, ആന്റിഫംഗൽ, ആൻറിബയോട്ടിക് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെളിച്ചെണ്ണയിലേക്കോ ഒലിവ് ഓയിലിലേക്കോ കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ചേർത്ത് തലയിൽ മസാജ് ചെയ്യുക. ഇത് 10 മിനിറ്റ് തലയിൽ വെച്ച ശേഷം കഴുകി കളയുക.
STORY HIGHLIGHT: home remedies for dandruff
















