നടി സായ് പല്ലവിയുടെയും സഹോദരി പൂജയുടെയും പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ബിക്കിനി ചിത്രങ്ങൾക്ക് മറുപടിയുമായി സായ് പല്ലവി രംഗത്തെത്തിയിരിക്കുകയാണ്. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സായ് പല്ലവി തന്നെ നേരിട്ട് എത്തിയത്.
കടൽ തീരത്ത് സഹോദരിക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ യഥാർത്ഥ ചിത്രങ്ങളും വിഡിയോയുമാണ് സായ് പല്ലവി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. ‘ഇതൊന്നും എഐ അല്ല, യഥാർത്ഥ ചിത്രങ്ങളാണ്’ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കുള്ള മറുപടി താരം നൽകിയത്.
നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. കടലിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നതും കറുത്ത കണ്ണട വച്ച് ബീച്ചിൽ വിശ്രമിക്കുന്നതിന്റെയും ചിത്രങ്ങൾ ഇതിൽ ഉൾപ്പെടും. സായിയും പൂജയും ചേർന്നുള്ള ഹൃദയസ്പർശിയായ സെൽഫികളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൊന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുപോലെയുള്ള ബിക്കിനി ചിത്രങ്ങൾ ഇല്ല എന്നതാണ് വാസ്തവം.
അതേസമയം സോഷ്യൽ മീഡിയയിൽ സായ് പല്ലവിയും സഹോദരി പൂജയും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിൽ സായ് പല്ലവി നീന്തൽ വേഷത്തിൽ കടലിൽ നിൽക്കുന്ന ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇത് ചിലർ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ‘ബിക്കിനി ചിത്രങ്ങൾ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
















