ലോകമെമ്പാടുമുള്ള ഐടി പ്രൊഫഷണലുകളിൽ പലരും ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമാണിത്. പ്രത്യേകിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് സ്വീകരിച്ച നിലപാടിലൂടെ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്ന H-1B വിസകൾക്ക് ഫീസ് വർദ്ധന പ്രഖ്യാപിച്ചതിനുശേഷം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ആഗോള തലത്തിലുള്ള പ്രതിഭകളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ഓഗസ്റ്റിൽ ചൈന പ്രഖ്യാപിച്ച പദ്ധതി കൂടുതൽ ശ്രദ്ധ നേടുന്നു. ഒക്ടോബർ ഒന്ന് മുതൽ കെ വിസ പ്രാബല്യത്തിൽ വരും.
കെ-വിസ എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ വിസയെ എച്ച്-1ബി വിസയ്ക്കുള്ള ചൈനയുടെ മറുപടി എന്നാണ് വിശേഷിപ്പിക്കുന്നത്. ചൈനയുടെ ഫോറിനേഴ്‌സ് എൻട്രി-എക്സിറ്റ് അഡ്മിനിസ്ട്രേഷൻ റെഗുലേഷനുകളിലെ ഭേദഗതികളുടെ ഭാഗമായി ഈ നിയമങ്ങൾ 2025 ഓഗസ്റ്റിൽ പ്രഖ്യാപിക്കുകയും 2025 ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്യും.
കെ വിസ, നിലവിലത്തെ ആഗോള രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളിൽ ഒരു വിസയേക്കാളും അപ്പുറമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവവിഭവശേഷി, ഇന്നൊവേഷൻ എന്നിവയുമായി ബന്ധപ്പെട്ട ആഗോളതലത്തിൽ നേതൃത്വത്തിനും സ്വാധീനത്തിനും വേണ്ടിയുള്ള മത്സരത്തിലെ ചൈനയുടെ പ്രധാന കരുനീക്കമാണിത്.
സയൻസ്,ടെക്നോളജി,എൻജിനിയറിങ്, മാത്തമാറ്റിക്സ് (STEM) എന്നിവയിലെ യുവാക്കൾക്കും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കും വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കെ-വിസ. ഇതേ കുറിച്ച് വിശദമായി അറിയാം.
ചൈനയുടെ കെ-വിസയുടെ പ്രധാന സവിശേഷതകൾ
യോഗ്യരായ അപേക്ഷകർ ആരൊക്കെ:
ലോകമെമ്പാടുമുള്ള അംഗീകൃത സർവകലാശാലകളിൽ നിന്നോ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നോ സയൻസ്,ടെക്നോളജി,എൻജിനിയറിങ്, മാത്തമാറ്റിക്സ് (സ്റ്റെം- STEM) ബിരുദധാരികളായ യുവതലമുറയിൽപ്പെട്ടവർ.
സ്റ്റെം സ്ഥാപനങ്ങളിൽ വിദ്യാഭ്യാ, ഗവേഷണ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ.
കാലാവധിയും സാധുതയും:
ചൈനയിലെ സാധാരണ വിസകളുമായി താരതമ്യപ്പെടുത്തുമ്പോൾ കെ-വിസ കൂടുതൽ ഫ്ലെക്സിബിളാണ്. ഇത് മൾട്ടിപ്പിൾ എൻട്രിയും (പലതവണ ചൈനയിൽ നിന്നും പുറത്തുപോകാനും തിരികെ വരാനും അനുമതി) കൂടുതൽ സമയവും (ചൈനയിൽ തങ്ങുന്നതിന് കൂടുതൽ കാലം) അനുവദിക്കുന്നു.
അവസരങ്ങൾ:
അക്കാദമിക്, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക, സംരംഭക, ബിസിനസ് സംബന്ധിയായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
കെ വിസയ്ക്ക് വേണ്ട ആവശ്യകതകൾ:
മിക്ക തൊഴിൽ വിസകളിൽ നിന്നും വ്യത്യസ്തമായി, കെ-വിസയ്ക്ക് പ്രാദേശിക തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ആവശ്യമില്ല.
യോഗ്യത, പ്രായം, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
കെ-വിസയുടെ പ്രയോജനങ്ങൾ
ചൈനയുടെ നിലവിലുള്ള 12 സാധാരണ വിസകളുമായി താരതമ്യപ്പെടുത്തുമ്പോൾ കെ-വിസയ്ക്ക് നിരവധി ഗുണങ്ങളുണ്ട്:
ഫ്ലെക്സിബിലിറ്റി: മൾട്ടിപ്പിൾ എൻട്രി, കൂടുതൽ കാലയളവ് എന്നിവ ആകർഷകമായ വസ്തുതകളാണ്., ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടി വന്നേക്കാവുന്ന പ്രൊഫഷണലുകൾക്ക് ഇത് സഹായകമാണ്.
തൊഴിലുടമ സ്പോൺസർഷിപ്പ് ഇല്ല: അപേക്ഷകർക്ക് ഒരു ചൈനീസ് തൊഴിലുടമയുടെ ക്ഷണം ആവശ്യമില്ല.
സാധ്യതയുള്ള മേഖലകൾ: വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക, സംരംഭക, ബിസിനസ് മേഖലകളിൽ സാധ്യത
ഈ ഭേദഗതിക്ക് മുമ്പ്, ചൈനയുടെ 2013 ലെ ഫോറിനേഴ്‌സ് എൻട്രി-എക്സിറ്റ് അഡ്മിനിസ്ട്രേഷൻ റെഗുലേഷനുകളിൽ ജോലി (Z വിസ), പഠനം (X വിസ), ബിസിനസ് (M വിസ), കുടുംബ പുനഃസമാഗമം (Q വിസ) തുടങ്ങിയ ആവശ്യങ്ങൾക്കായി 12 തരം വിസ പട്ടികപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ മാറ്റങ്ങൾ രണ്ട് പ്രധാന പുതുമകളുണ്ട്.
പുതിയ വിസ വിഭാഗം: ആർട്ടിക്കിൾ ആറി ൽ കെ-വിസ ചേർക്കുന്നു, ഇത് ചൈനയിലേക്ക് പ്രവേശിക്കുന്ന വിദേശ യുവ ശാസ്ത്ര സാങ്കേതിക പ്രതിഭകളെ ലക്ഷ്യം വച്ചുള്ളതാണ്.
കെ വിസയ്ക്ക് അപേക്ഷാ മാനദണ്ഡങ്ങൾ: കെ-വിസ അപേക്ഷകർ ചൈനീസ് അധികാരികൾ നിർവചിച്ചിരിക്കുന്ന യോഗ്യതാ വ്യവസ്ഥകൾ പാലിക്കണമെന്നും ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നും ആർട്ടിക്കിൾ ഏഴിൽ വ്യക്തമാക്കുന്നു.
















