രാജ്യത്തെ പത്താം ക്ലാസ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളില്‍ വമ്പൻ മാറ്റങ്ങളുമായി നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). ഇനി മുതല്‍ രാജ്യത്തെ വിവിധ വിദ്യാഭ്യാസ ബോർഡുകൾ നൽകുന്ന പത്താം ക്ലാസ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ തുല്യത ഉള്ളതായിരിക്കും. ഈ സര്‍ട്ടിഫിക്കറ്റുകളില്‍ തുല്യത കൊണ്ടുവരാൻ എൻസിഇആർടിയെ ചുമതലപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും, സർക്കാർ ജോലികളിലേക്കുള്ള അപേക്ഷകളും നിയമനവും എളുപ്പത്തിലാക്കി പ്രക്രിയകള്‍ ലളിതമാക്കാനുമാണ് ഈ മാറ്റം കൊണ്ടുവരുന്നത്. രാജ്യത്ത് എവിടെയുമുള്ള സ്‌കൂള്‍ മാറ്റത്തിനും വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി വേഗത്തില്‍ സാധിക്കും.
നിലവില്‍ രാജ്യത്ത് ഓരോ സംസ്ഥാനത്തുമുള്ള വിദ്യാഭ്യാസ ബോര്‍ഡുകള്‍ 10ാം ക്ലാസ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഇവയ്‌ക്കെല്ലാം ഇനി തുല്യ സര്‍ട്ടിഫിക്കറ്റുകളുടെ പ്രാധാന്യം കൊണ്ടുവരാനാണ് എൻസിഇആര്‍ടി ഒരുങ്ങുന്നത്. “കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിയിലേക്കും വിദ്യാർഥികളുടെ പ്രവേശനം ഉറപ്പാക്കുന്നതിനും ഇത് വഴി സാധിക്കും” എന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് 2025 സെപ്റ്റംബർ 6 ന് ഇ-ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി അതിൽ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 ലെ വ്യവസ്ഥകൾ പ്രകാരം നാഷണൽ അസസ്‌മെൻ്റ് സെൻ്റര്‍, പെർഫോമൻസ് അസസ്‌മെൻ്റ്, റിവ്യൂ ആൻഡ് അനാലിസിസ് ഓഫ് നോളജ് ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെൻ്റ് (PARAKH) വഴി എൻസിഇആര്‍ടി തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അവതരിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
















