തമിഴകം വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരിൽ ഉൾപ്പെടുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകൾ ലഭ്യമാക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ പുലർച്ചെ തിരുച്ചി വഴി കരൂരിൽ എത്തും. വിജയ് എന്ന നടനോടുള്ള ആരാധനയാണ് ജനം ഒഴുകിയെത്താൻ കാരണം. എന്നാൽ സ്വന്തം ജീവൻതന്നെ മറന്ന് എത്തിയവരെ കാത്തുനിന്നത് മരണമായിരുന്നു. തിക്കിലും തിരക്കിലും പെട്ടാണ് അപകടം സംഭവിച്ചത്. ഇത് ആദ്യമായല്ല രാജ്യം ഇത്തരം അപകടങ്ങൾക്ക് സാക്ഷിയാകുന്നത്. മാസങ്ങൾക്ക് മുമ്പ് ബെംഗളൂരുവിലും സമാനമായ ദുരന്തമുണ്ടായിട്ടുണ്ട്. ഇന്ന് വിജയ് എന്ന നടനോടും രാഷ്ട്രീയക്കാരനോടുമുള്ള ആരാധനയാണെങ്കിൽ അന്ന് ക്രിക്കറ്റായിരുന്നു വിഷയം. ഇന്ന് കാരുരെങ്കിൽ അന്ന് ചിന്നസ്വാമി സ്റ്റേഡിയം.
അതെ കഴിഞ്ഞ ജൂൺ നാലിന് ബെംഗളൂരു നഗരം ഉണർന്നത് ഉത്സവ ലഹരിയിലായിരുന്നു. 18 വർഷത്തെ കാത്തിരിപ്പിന് ശേഷം ഐപിൽ കിരീടം റോയൽ ചാലഞ്ചേഴ്സ് ബെഗളൂരു നേടിയിരിക്കുന്നു. എന്നാൽ ആ സന്തോഷം ഇല്ലാതാക്കിയത് ടീമിന്റെ വിക്ടറി പരേഡായിരുന്നു. താരങ്ങളെ കാണാനെത്തിയവരെ കാത്തിരുന്നത് ദുരന്തമായിരുന്നു. 11 പേരാണ് തിക്കിലും തിരക്കിലും ജീവൻ വെടിഞ്ഞത്.പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്.
ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ, കെഎസ്സിഎ എന്നിവരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ആർസിബിയുടെ മാർക്കറ്റിംഗ് ഹെഡ് അടക്കം നാലുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാസങ്ങൾ പിന്നിടുമ്പോൾ വീണ്ടുമിതാ സമാനമായ ദുരന്തം. മരണനിരക്ക് ഇനിയും ഉയരുമെന്ന ആശങ്കയിലാണ് രാജ്യം. ഇനിയെങ്കിലും കാരൂരും ചിന്നസ്വാമി സ്റ്റേഡിയവും ഒരു പാഠമാകട്ടെ
















