ബോളിവുഡില്‍ ആരാധകര്‍ ഏറെയുള്ള നടന്മാരില്‍ ഒരാളായിരുന്നു വിവേക് ഒബ്റോയ്. 2003 ല്‍ ഒരു പത്ര സമ്മേളനത്തിലൂടെയാണ് നടന്റെ കരിയര്‍ തന്നെ തകിടം മറിയുന്നത്. സല്‍മാന്‍ ഖാനെതിരെയായിരുന്നു അന്ന് വിവേക് സംസാരിച്ചിരുന്നത്. സല്‍മാന്‍ ഖാന്‍ തന്നെ വേട്ടയാടുന്നുവെന്നും സിനിമകള്‍ ഇല്ലാതാക്കുന്നുവെന്നുമാണ് വിവേക് ഒബ്റോയ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുകയാണ് നടന്‍. പ്രഖര്‍ ഗുപ്തയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
വിവേക് ഒബ്‌റോയുടെ വാക്കുകള്‍………
‘ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ചിരി വരുന്നു. ഇന്ന് ഞാന്‍ അന്ന് എനിക്ക് സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തിരിക്കുകയോ അവയെ കാര്യമാക്കുകയോ ചെയ്യുന്നില്ല. അന്നത്തെ സംഭവത്തില്‍ മറക്കാന്‍ സാധിക്കാത്തത് അമ്മയുടെ മുഖവും അച്ഛന്റെ പ്രതികരണവുമാണ്. അമ്മയുടെ കണ്ണുനീര്‍ മറക്കാന്‍ സാധിക്കുന്നില്ല. അതും മറക്കാനായിരുന്നു ശ്രമം. ആ ഓര്‍മകള്‍ കൂടുതല്‍ നെഗറ്റീവ് ചിന്തകള്‍ ആണ് നല്‍കിയിരുന്നത്.
ഒരു ഘട്ടത്തില്‍ എല്ലാവരും എന്നെ ബോയ്ക്കോട്ട് ചെയ്യാന്‍ തുടങ്ങി. എനിക്കൊപ്പം ജോലി ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ല. നേരത്തെ ഒപ്പിട്ട പല സിനിമകളില്‍ നിന്നും എന്നെ പുറത്താക്കി. ഭീഷണിപ്പെടുത്തുന്ന കോളുകള്‍ പതിവായി. എന്റെ സഹോദരിയ്ക്കും അമ്മയ്ക്കും അച്ഛനും വരെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകള്‍ വന്നിരുന്നു.
‘അതിന് പുറമെ എന്റെ വ്യക്തി ജീവിതം ആകെ തകര്‍ന്നു. ഞാന്‍ വിഷാദരോഗിയായി. എല്ലാ അമ്മ ബോയ്സിനേയും പോലെ ഞാനും അമ്മയുടെ അടുത്ത് ചെന്നിരുന്ന് കുറേ കരഞ്ഞു. എന്തുകൊണ്ട് ഞാന്‍? എന്ന് ചോദിച്ചുകൊണ്ടിരുന്നു. നീ അവാര്‍ഡുകള്‍ നേടുമ്പോഴും സിനിമ ചെയ്യുമ്പോഴും ആരാധകര്‍ പിന്തുടരുമ്പോഴും ആ ചോദ്യം ചോദിക്കാറുണ്ടോ എന്നായിരുന്നു അമ്മയുടെ പ്രതികരണം.’
















