ഷെയിന്‍ നിഗം നായകനായി എത്തിയ പുതിയ ചിത്രമാണ് ‘ബള്‍ട്ടി’. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം പാലക്കാട് ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങള്‍ കൊണ്ടും തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ഗംഭീര കാഴ്ച്ചാനുഭവം നല്‍കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ആദ്യ ദിനം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 85 ലക്ഷമാണ് സിനിമ നേടിയത്. ബുക്ക് മൈ ഷോയിലും ടിക്കറ്റ് വില്പനയില്‍ സിനിമയ്ക്ക് കുതിപ്പുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. ഷെയിന്‍ നിഗത്തിന്റെ പ്രകടനത്തിനും സിനിമയുടെ മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്. സിനിമയിലെ ആക്ഷന്‍ സീനുകള്‍ ഗംഭീരമാണെന്നും അഭിപ്രായങ്ങളുണ്ട്. പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച സായ് അഭ്യങ്കര്‍ ആണ് ബള്‍ട്ടിക്കായി സംഗീതം ഒരുക്കുന്നത്. സായിയുടെ സംഗീതത്തിനും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവരാണ് ഈ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം നിര്‍മിച്ചത്.
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബള്‍ട്ടി. ഷെയ്ന്‍ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുന്‍നിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്.
















