ഡിഗ്രിക്കാർക്ക് ആർ ബി ഐയിൽ അവസരം. ഓഫീസർ തസ്തികയിലേക്ക് 120 ഒഴിവുകളാണ് നിലവിൽ ഉള്ളത്. ഓഫീസർ ഗ്രേഡ് ബി- ജനറൽ തസ്തികയിൽ 83 ഒഴിവുകളും, ഓഫിസർ ഗ്രേഡ് ബി-ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് പോളിസി റിസർച്ച് തസ്തികയിൽ 17 ഒഴിവുകളും ഓഫിസർ ഗ്രേഡ് ബി- ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്‌റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് തസ്തികയിൽ 20 ഒഴിവുകളുമാണ് ഉള്ളത്. സെപ്തംബർ 30 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
2 ഘട്ടമായുള്ള എഴുത്ത് പരീക്ഷയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. അപേക്ഷ സമർപ്പിക്കാനുള്ള പ്രായപരിധി 2025 സെപ്തംബർ ഒന്നിന് 21 – -30 വയസ് കവിയരുത്. നിയമാനുസൃത ഇളവ് ലഭിക്കും. ഓഫീസർ ഗ്രേഡ് ബി -ജനറൽ: 60% മാർക്കോടെ (പട്ടിക വിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 50%) ബിരുദം/തത്തുല്യം, അല്ലെങ്കിൽ 55% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും പാസ് മാർക്ക്) പിജി ബിരുദം/തത്തുല്യം ഉള്ളവർക്കാണ് അവസരം. മറ്റു തസ്തികകളിൽ, ബന്ധപ്പെട്ട വിഭാഗങ്ങളിലെ പിജി ബിരുദം, അനുബന്ധ യോഗ്യതകളുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.
ഓഫീസർ – ജനറൽ പ്രിലിമിനറി ഓൺലൈൻ പരീക്ഷ ഒക്ടോബർ 18നും മറ്റുള്ളവ ഒക്ടോബർ 19 നും നടക്കും. കേരളത്തിൽ കണ്ണൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ഓഫിസർ ഗ്രേഡ് ബി -ജനറൽ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാവുക. മറ്റു തസ്‌തികകളുടെ പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേന്ദ്രങ്ങൾ ഉള്ളത്. ആദ്യഘട്ട പരീക്ഷ ജയിക്കുന്നവർക്ക് ഒബ്ജെക്ടീവ് ആൻഡ് ഡിസ്ക്രിപ്റ്റീവ് പരീക്ഷ നടത്തും. 850 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസായി ഈടാക്കുക. ആർബിഐ ജീവനക്കാർക്കു ഫീസ് ഇല്ല. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും www.rbi.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
















