മഞ്ജു വാര്യര്‍ പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഉദാഹരണം സുജാത. നവാഗത സംവിധായകനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് മാര്ട്ടിന് പ്രാക്കാട്, ജോജു ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ്. 2016-ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ നില് ബത്തേ സന്നതയുടെ റീമേക്കാണ് ഉദാഹരണം സുജാത. മഞ്ജു വാര്യര്‍ക്കൊപ്പം തന്നെ അന്ന് സിനിമയില്‍ ശ്രദ്ധ നേടിയ പെണ്‍കുട്ടി ഇന്ന് മലയാള സിനിമയിലെ ആരാധകര്‍ ഏറെയുള്ള നായികയാണ്. അനശ്വര രാജന്റെ ആദ്യ ചിത്രമായിരുന്നു ഉദാഹരണം സുജാത. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 8 വര്‍ഷമായതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
അനശ്വരയുടെ വാക്കുകള്‍……
‘എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് 8 വര്‍ഷങ്ങള്‍. ഒരുപാട് അകലെയാണെങ്കിലും ഇപ്പോഴും വളരെ അടുത്ത് നില്ക്കുന്നു. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല, എനിക്ക് ഒന്നും അറിയാത്ത ഒരു ലോകത്തേക്ക് കാലെടുത്തുവച്ചു, വെറുതെ വന്നു, അത് കുഴപ്പത്തിലാക്കാതിരിക്കാന്‍ ശ്രമിച്ചു. അന്ന് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസ്റ്റര്‍ പ്ലാനും ഇല്ല.
എനിക്ക് ജിജ്ഞാസയും ആശയക്കുഴപ്പവും മാത്രമായിരുന്നു. ഞാന്‍ ആരാണെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഉദാഹരണം സുജാത എന്റെ ജീവിതത്തിലേക്ക് വന്നത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷവും ഞാന്‍ എന്നെ മനസിലാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ സിനിമ അവിടെയാണ് എന്റെ തിരച്ചില്‍ ആരംഭിച്ചത്.’

ഉദാഹരണം സുജാതയുടെ വിജയത്തോട് കൂടി അനശ്വര രാജനെ തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ അനശ്വര വീണ്ടും ശ്രദ്ധ നേടി.
















