24 വർഷങ്ങൾക്ക് ശേഷം മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നു. അതെ മറ്റൊരു മോഹൻലാൽ ചിത്രം കൂടി റീ റിലീസിനൊരുങ്ങുകയാണ്. രാവണപ്രഭു 4K അറ്റ്‌മോസില്‍ പ്രേക്ഷകര്‍ക്ക് മുന്നിൽ ഒക്ടോബര്‍ 10ന് പ്രദര്‍ശനത്തിനെത്തും. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനംചെയ്ത ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും മുണ്ടക്കല്‍ ശേഖരനുമൊക്കെ ഇന്നും പ്രേക്ഷക മനസ്സിൽ അതെ പ്രൗഢിയോടെത്തന്നെയുണ്ട്.
2001 ൽ റിലീസായ ചിത്രത്തിൽ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ് കുമാര്‍, ഇന്നസന്റ്, വസുന്ധര ദാസ്, രേവതി, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വൻ താരനിരതന്നെ ഒപ്പം കൂടിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ഇപ്പോൾ 4K അറ്റ്‌മോസില്‍ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.
ഐ.വി. ശശിയുടെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. ഛായാഗ്രഹണം- പി. സുകുമാര്‍.
STORY HIGHLIGHT: ravanaprabhu 4k atmos re release
















