കരൂരിൽ വിജയ് നയിച്ച ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 39 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് പോസ്റ്റിട്ട നടി ഓവിയയ്ക്കെതിരെ സൈബർ ആക്രമണവുമായി വിജയ് ആരാധകർ. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ഓവിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയെ തുടർന്നാണ് ഇത്തരത്തിലുള്ള വ്യാപക സൈബർ ആക്രമണം താരത്തിന് നേരിടേണ്ടതായി വന്നത്.
ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ ‘അറസ്റ്റ് വിജയ്’ എന്ന് എഴുതിയാണ് ഓവിയ ദുരന്ത സംഭവത്തിനോട് പ്രതികരിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം ഈ പോസ്റ്റ് നീക്കം ചെയ്യുകയും. ‘ജ്ഞാനികൾക്ക് ജീവിതം ഒരു സ്വപ്നമാണ്, വിഡ്ഢികൾക്ക് ജീവിതം കളിയാണ്, ധനികർക്ക് അതൊരു തമാശയാണ്, എന്നാൽ പാവപ്പെട്ടവനാവട്ടെ ദുരന്തവും’ എന്ന ഉദ്ധരണി കൂട്ടിച്ചേർക്കുകയും ചെയ്തു. പ്രതികരണം അറിയിച്ചതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വിജയ് ഫാൻസ് ഇടുന്ന മോശപ്പെട്ട സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും താരം തന്റെ സ്റ്റോറിയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

ആദ്യം പോസ്റ്റ് ചെയ്ത സ്റ്റോറിയുടെ സ്ക്രീൻഷോട്ടുകൾ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഓവിയക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് വിജയ്‌യുടെ ആരാധകർ നടത്തുന്നത്.
STORY HIGHLIGHT: actress oviya vijay fans cyber attack
















