കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത് ഒരു ദാരുണ സംഭവം തന്നെയാണ്. എന്നാൽ ഒരു നേതാവിനെ കാണാൻ ഇത്രയും പേർ സമയമോ സ്ഥലമോ വകവെയ്ക്കാതെ കാത്തിരിക്കണമെങ്കിൽ അയാൾ ജനമനസ്സിൽ ആരായിരിക്കണം. അതെ ഇത് ദളപതി വിജയ്… വെറുതെ കിട്ടിയതല്ല ഈ ദളപതി പട്ടം. മൂന്ന് പതിറ്റാണ്ടിലേറെയായിതമിഴ് സിനിമയുടെ ഭാഗമായ വിജയ്, തമിഴ്നാടിനപ്പുറത്തേക്ക് വളർന്നത് പെട്ടന്നായിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയങ്കരനും സാമ്പത്തിക വിജയം ഉറപ്പുള്ളതുമായ നടന്മാരിൽ ഒരാളായി അദ്ദേഹം സ്വയം അടയാളപ്പെടുത്തി. 1990-കളിൽ യുവനടനായിരുന്ന കാലം മുതൽ തൻ്റെ സ്ഥിരതയും വളർച്ചയും പ്രേക്ഷകരുമായുള്ള സമാനതകളില്ലാത്ത ബന്ധവും കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളെയാണ് വിജയ് ആകർഷിച്ചത്.
തൻ്റെ കരിയറിൻ്റെ തുടക്കത്തിൽ “അയൽവീട്ടിലെ പയ്യൻ” എന്ന ഇമേജാണ് വിജയ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയെടുത്തത്. ഇത് കുടുംബ പ്രേക്ഷകരെ ആകർഷിച്ചു. കാലക്രമേണ അദ്ദേഹം ഒരു മാസ് ഹീറോ ആയി രൂപാന്തരപ്പെട്ടു. വാണിജ്യപരമായ വിനോദവും സാമൂഹിക അവബോധമുള്ള കഥകളും സമന്വയിപ്പിക്കാൻ അദ്ദേഹത്തിനായി. അതിനുശേഷം വിജയ് “ദളപതി” എന്നറിയപ്പെടാൻ തുടങ്ങി.
അതിശക്തമായ സന്ദേശങ്ങൾ തീവ്രമായ ആക്ഷനുമായി സംയോജിപ്പിച്ച അദ്ദേഹത്തിൻ്റെ സിനിമകൾക്ക് വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്. മെർസൽ, സർക്കാർ, മാസ്റ്റർ, ലിയോ തുടങ്ങിയ ചിത്രങ്ങൾ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റെക്കോർഡ് കളക്ഷൻ നേടി. പ്രാദേശിക ടോളിവുഡ് താരങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത പലപ്പോഴും വിജയിയുടെ സിനിമകൾക്കും ലഭിക്കുന്നു എന്നത് അദ്ദേഹത്തിൻ്റെ സ്വാധീനത്തിൻ്റെ തെളിവാണ്.
മൂന്ന് പതിറ്റാണ്ടുകളായി വിജയിയെ ഇളയദളപതി എന്നാണ് വിളിച്ചിരുന്നത്. അത് പല അഭിലാഷികൾക്കും ഒരു പാഠമായി വർത്തിക്കുന്ന വളർച്ചയായിരുന്നു. 43 വയസ്സിൽ പോലും വിജയിയെ ഇളയദളപതി എന്ന് വിളിച്ചിരുന്നു. തമിഴിൽ ‘ഇളയ’ എന്നാൽ ചെറുപ്പം എന്നാണ് അർത്ഥം. 2017-ൽ വിജയും സംവിധായകൻ ആറ്റ്ലിയും ചേർന്ന് അദ്ദേഹത്തിൻ്റെ വിശേഷണം ദളപതി (കമാൻഡർ അഥവാ നേതാവ്) എന്ന് മാറ്റാൻ തീരുമാനിച്ചു. മെർസലിൻ്റെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തെ ദളപതി എന്നാണ് വിശേഷിപ്പിച്ചത്. ഈ മാറ്റത്തിൽ ആരാധകർ ആഹ്ലാദിക്കുകയും അത് ആഘോഷിക്കുകയും ചെയ്തു.
വർഷങ്ങളായി, വിജയ് ഒരു താരമായി വളർന്നു, അദ്ദേഹത്തിൻ്റെ ആരാധകർ അദ്ദേഹത്തെ ഒരു രാഷ്ട്രീയ നേതാവായി കാണാൻ തുടങ്ങി. പൊതുസമൂഹത്തിലെ പല വിഷയങ്ങളെക്കുറിച്ചുള്ള തൻ്റെ പ്രസംഗങ്ങൾ കൊണ്ട് അദ്ദേഹം ആരാധകരെ ആവേശഭരിതരാക്കി. രജനികാന്ത് നിലവിൽ കോളിവുഡിൻ്റെ സൂപ്പർസ്റ്റാറായി വാഴ്ത്തപ്പെടുമ്പോൾ, അദ്ദേഹത്തിന് ശേഷം കോളിവുഡിൻ്റെ അടുത്ത സൂപ്പർസ്റ്റാർ വിജയ് ആകും എന്നും കരുതപ്പെട്ടിരുന്നു. പിന്നീടായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനം ഉൾപ്പെടെയുള്ള പ്രഖ്യാപനം ഉണ്ടായത്.
















