ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യനിക്ഷേപം തടയുന്നതിന് തോട് പൂര്‍ണമായും മറയ്ക്കുന്ന രീതിയില്‍ കമാനവേലി (Dome fencing) സ്ഥാപിക്കുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ വിളിച്ച വിവിധ വകുപ്പദ്ധ്യക്ഷന്‍മാരുടെ യോഗം തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ വിളിച്ച വിവിധ വകുപ്പദ്ധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്നത്. ഐ.ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷണവിഭാഗം തയ്യാറാക്കി കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശയാണ് കനാലില്‍ ഉടനീളം കമാനവേലി സ്ഥാപിക്കണം എന്നത്.
അന്വേഷണവിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മഴക്കാലത്ത് ആമയിഴഞ്ചാന്‍ തോടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ കനാലിന്റെ വീതി കൂട്ടണമെന്ന ശുപാര്‍ശ കമാനവേലി സ്ഥാപിച്ച ശേഷം പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കനാല്‍ കൈയേറി നടത്തിയ അനധികൃതനിര്‍മ്മാണം തിരിച്ചുപിടിക്കണമെന്ന ശുപാര്‍ശയും വേലി നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കനാലില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംസ്‌കരിക്കുന്നതിനുള്ള അംഗീകൃത ഏജന്‍സികളുടെ വിവരങ്ങള്‍ അടുത്ത യോഗത്തില്‍ സമര്‍പ്പിക്കാന്‍ നഗരസഭക്കും ശുചിത്വമിഷനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വകുപ്പുതലത്തില്‍ സ്വീകരിച്ച നടപടികളെകുറിച്ചുള്ള റിപ്പോര്‍ട്ട് വന്‍കിട ജലസേചനം, നഗരസഭ, പോലീസ്, കെ.എസ്.ആര്‍.റ്റി.സി. എന്നിവര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ സമര്‍പ്പിക്കണം. നടപടികള്‍ ഏകോപിപ്പിക്കാന്‍ വകുപ്പുതലത്തില്‍ നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് കമ്മീഷന്റെ പരിഗണനയിലാണ്.
CONTENT HIGH LIGHTS;Human Rights Commission’s recommendation will be implemented in a timely manner: Arched fence to prevent waste dumping in Amayizhanchan stream
















