ആരോഗ്യപരമായ കാരണങ്ങളാൽ അഭിനയരംഗത്തുനിന്ന് കുറച്ചുകാലം വിട്ടുനിന്നതിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സെറ്റിലേക്കാണ് അദ്ദേഹം തിരികെയെത്തുന്നത്. ഒക്ടോബർ ഒന്നിന് ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ജോയിൻ ചെയ്യുമെന്ന വിവരം സിനിമയുടെ നിർമ്മാതാവായ ആന്റോ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്.
മാസങ്ങൾ നീണ്ട ഇടവേള മാത്രമാണ് ഇതെന്ന് കരുതുന്നുവെന്നും, ലോകമെങ്ങുമുള്ള ആളുകളുടെ പ്രാർത്ഥനയുടെയും പിന്തുണയുടെയും ബലത്തിലാണ് താരം രോഗത്തെ അതിജീവിച്ചതെന്നും ആൻ്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. പിന്തുണ നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുൻപ് പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വൻകുടലിൽ അർബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പ്രോട്ടോൺ തെറാപ്പിക്കായി അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നായിരുന്നു വാർത്തകൾ. ആദ്യഘട്ടത്തിൽ ഈ റിപ്പോർട്ടുകൾ പിആർ ടീം നിഷേധിച്ചെങ്കിലും, പിന്നീട് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. മമ്മൂട്ടി രോഗമുക്തനായപ്പോൾ നടൻ മോഹൻലാൽ ഉൾപ്പെടെ നിരവധി പേർ സന്തോഷം പങ്കുവെച്ചിരുന്നു.
വൻതാരനിര അണിനിരക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഈ ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ‘ഹരികൃഷ്ണൻസ്’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നീ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
















