ബെംഗളൂരു: കന്നഡ നാടക-സിനിമാ കലാകാരൻ യശ്വന്ത് സര്‍ദേശ്പാണ്ഡെ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ഉടന്‍ ഫോര്‍ടിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
നാടകത്തില്‍ അഭിനയിക്കാനായി ഞായറാഴ്ച ധര്‍വാദിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് ബെംഗളൂരുവിലെത്തിയത്. നാടക-സിനിമാ കലാകാരിയായ മാലതിയാണ് യശ്വന്ത് സര്‍ദേശ്പാണ്ഡെയുടെ ഭാര്യ.
കര്‍ണാടകയിലെ ബീജാപുര്‍ ജില്ലയിലെ ബസവന ബാഗെവാദി താലൂക്കിലെ ഉക്കാളിയിലാണ് യശ്വന്ത് സര്‍ദേശ്പാണ്ഡെ ജനിച്ചത്. ഹെഗ്ഗോഡുവിലെ നിനാസം തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്‌സില്‍ ഡിപ്ലോമ നേടി. 1996-ല്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് സിനിമാ ആന്‍ഡ് ഡ്രാമാ റൈറ്റിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ അദ്ദേഹം 60-ലേറെ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഓരോ നാടകവും 500-ലേറെ തവണ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഷിമോഗയിലെ നാടകപ്രേമികള്‍ക്കിടയില്‍ നാഗേയ സര്‍ദാര്‍ എന്നാണ് യശ്വനന്ത് സര്‍ദേശ്പാണ്ഡെ അറിയപ്പെടുന്നത്. കഠിനാധ്വാനം കൈമുതലാക്കിയ അദ്ദേഹം ‘ഓള്‍ ദി ബെസ്റ്റ്’ എന്ന വന്‍ വിജയമായി മാറിയ നാടകം എഴുതുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി ടെലിവിഷന്‍, റേഡിയോ പരിപാടികള്‍ സംവിധാനം ചെയ്ത അദ്ദേഹം സിനിമയിലും കൈവെച്ചിട്ടുണ്ട്. കര്‍ണാടകയിലെ പരമോന്നത ബഹുമതിയായ രാജ്യോത്സവ പുരസ്‌കാരം 2010-ല്‍ അദ്ദേഹത്തെ തേടിയെത്തി. ഇത് കൂടാതെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ വേറേയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
















