രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വങ്ക സംവിധാനം നിർവഹിച്ച ബോക്സോഫീസ് സൂപ്പർഹിറ്റ് ചിത്രമാണ് അനിമൽ. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത് 900 കോടികളാണ്.
സിനിമയുടെ അവസാനം അനിമൽ പാർക്ക് എന്ന രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ അപ്ഡേറ്റ് ആണ് നടൻ രൺബീർ കപൂർ നൽകുന്നത്.
അനിമൽ പാർക്ക് 2027 ൽ ആരംഭിക്കുമെന്നും ചിത്രത്തിൽ ജോയിൻ ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും രൺബീർ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പറഞ്ഞു.
‘അനിമൽ പാർക്ക് 2027 ൽ ആരംഭിക്കും. സിനിമയുടെ ഐഡിയയെക്കുറിച്ചും മ്യൂസിക്കിനെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ഞാനും സന്ദീപും ചർച്ചചെയ്യുന്നുണ്ട്. സിനിമ ആരംഭിക്കാനും സെറ്റിലേക്ക് പോകാനും ഞാൻ കാത്തിരിക്കുകയാണ്’, രൺബീർ പറഞ്ഞു.
‘ഒരേ സിനിമയിൽ നായകനെയും വില്ലനെയും അവതരിപ്പിക്കാനാകുന്നതിൽ ഞാൻ വളരെ എക്സൈറ്റഡ് ആണ്. എനിക്ക് വളരെ പ്രതീക്ഷയുള്ള പ്രോജക്ട് ആണിത്. ഒപ്പം വളരെ ഒറിജിനൽ ആയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക’, എന്ന് സിനിമയെക്കുറിച്ച് നേരത്തെ രൺബീർ പറഞ്ഞിരുന്നു.
















