തന്റെ മകന്റെ അച്ഛൻ, പ്രശസ്ത നടനായിരുന്ന രവീന്ദ്രനുമായുള്ള (രവിചന്ദ്രൻ) ബന്ധത്തെക്കുറിച്ചും, വിവാഹ ജീവിതത്തിലെ ദുരന്തങ്ങളെക്കുറിച്ചും നടി ഷീല നടത്തിയ തുറന്നു പറച്ചിലുകൾ ശ്രദ്ധേയമാകുന്നു. വിവാഹ ജീവിതം തകർന്നതിൽ വിഷമമുണ്ടെങ്കിലും മൊത്തത്തിൽ ജീവിതത്തിൽ സന്തോഷമുണ്ടെന്നും ഷീല പറയുന്നു.
തമിഴകത്തെ സൂപ്പർ സ്റ്റാർ, വില്ലനായ മദ്യപാനം
തന്റെ മകന്റെ അച്ഛനെക്കുറിച്ച് ഇതിനുമുമ്പ് താൻ സംസാരിച്ചിട്ടില്ലെന്ന് ഷീല പറയുന്നു. അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു. രവീന്ദ്രന്റെ സിനിമകൾക്ക് 250 ദിവസങ്ങൾ വരെ ഓടിയ ചരിത്രമുണ്ട്. എന്നാൽ മദ്യപാനം അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകർത്തു. തമിഴകത്ത് മാർക്കറ്റ് കുറഞ്ഞപ്പോഴാണ് അദ്ദേഹം മലയാളത്തിൽ അഭിനയിക്കാൻ എത്തുന്നത്.
മലയാളത്തിൽ എത്തുന്നതിന് മുൻപ് തന്നെ രവീന്ദ്രൻ ഭാര്യയുമായി പിണങ്ങി വിവാഹമോചനം നേടിയിരുന്നു. ആ ബന്ധത്തിൽ അദ്ദേഹത്തിന് മൂന്ന് മക്കളും ഉണ്ടായിരുന്നുവെന്നും ഷീല വെളിപ്പെടുത്തി.
‘നിങ്ങൾക്ക് കല്യാണം കഴിച്ചുകൂടേ?’
മലയാളത്തിൽ സംവിധായകൻ ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്ത ‘ഓമന’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടയിലാണ് രവീന്ദ്രനുമായി ഷീല അടുക്കുന്നത്. ഒരു സംസാരത്തിനിടയിൽ, അനിയത്തിമാരുടെ കല്യാണം കഴിഞ്ഞ കാര്യവും, അമ്മ കിടപ്പിലായ കാര്യവുമെല്ലാം ഷീല രവീന്ദ്രനോട് പങ്കുവെച്ചു.
രവിചന്ദ്രനും ജെ.ഡി. തോട്ടാനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സമയത്ത് തോട്ടാൻ പെട്ടെന്ന് ഒരു ചോദ്യം ചോദിച്ചു: “നിങ്ങളുടെ ഭാര്യയും പോയി, ഷീലാമ്മയും ഇപ്പോൾ തനിച്ചാണ്. നിങ്ങൾക്ക് കല്യാണം കഴിച്ചൂടേ?” പിന്നീട് സേതുമാധവൻ, എം.ഒ. ജോസഫ് എന്നിവർകൂടി നിർബന്ധിച്ചതോടെയാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് ഷീല ഓർക്കുന്നു.
‘എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല’
വിവാഹശേഷം തങ്ങൾക്ക് ഒരു മകൻ ജനിച്ചു. എന്നാൽ അതിനുശേഷം രവീന്ദ്രൻ ഷീലയ്‌ക്കൊപ്പം താമസിച്ചിരുന്നില്ല. ടി നഗറിൽ അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും താമസിച്ചിരുന്ന മറ്റൊരു വീടുണ്ടായിരുന്നു; അങ്ങോട്ടേക്കാണ് അദ്ദേഹം പോയിരുന്നത്.
പിന്നീടാണ് തന്നെ ഞെട്ടിച്ചുകൊണ്ട്, രവീന്ദ്രന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന സത്യം ഷീല തിരിച്ചറിയുന്നത്. അതറിഞ്ഞ നിമിഷം തന്നെ ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് താൻ രവീന്ദ്രനോട് പറഞ്ഞതായി ഷീല പറയുന്നു. തുടർന്ന് രണ്ടര വർഷത്തിന് ശേഷം ഇരുവരും പിരിയുകയും ചെയ്തു.
“ഞാൻ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എൻ്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല,” എന്ന് നെടുവീർപ്പോടെ ഷീല പറയുന്നു. എന്നിരുന്നാലും, ആ ദുരനുഭവം ഒഴിച്ചാൽ ജീവിതത്തെക്കുറിച്ച് സന്തോഷമേ ഉള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.
















