മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് നെറ്റ്ഫ്ലിക്സിൽ നിന്ന് നയൻതാരയുടെ ചിത്രം നീക്കം ചെയ്തിരുന്നു. ‘അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രമാണ് നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തത്. ഇപ്പോഴിതാ ചിത്രം വീണ്ടും ജിയോഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുകയാണ്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒക്ടോബർ 1 മുതൽ ജിയോഹോട്ട്സ്റ്റാറിലൂടെ ലഭ്യമാകും. ചിത്രം റിലീസ് ചെയ്തപ്പോൾ ‘ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു’ എന്നാരോപിച്ച് നിരവധിപേർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ഇതേ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീടാണ് സിനിമ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തത്.
തുടർന്ന്, നടി നയൻതാരയും സോഷ്യൽ മീഡിയയിൽ ക്ഷമ ചോദിച്ചു, പോസിറ്റിവിറ്റി പ്രചരിപ്പിക്കാൻ വേണ്ടിയാണ് താൻ സിനിമ ഏറ്റെടുത്തതെന്നും അത് സ്വാധീനമുള്ള ഒരു കഥയാണെന്നും അതിൽ കൂടുതലൊന്നും ഇല്ലെന്നും നടി വിശദീകരിച്ചു. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര, ജയ് , സത്യരാജ് , കാർത്തിക് കുമാർ , പൂർണിമ രവി, ലോസ്ലിയ, റെഡിൻ കിംഗ്സ്ലി തുടങ്ങിയവർ അഭിനയിച്ചു.
ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണിത്. ഡിസംബർ 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നതിനിടയാണ് ചിത്രം നീക്കം ചെയ്തത്. ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജൻ എന്ന കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിച്ചത്.
ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വരുന്ന അന്നപൂർണിയെന്ന പെൺകുട്ടി ഇന്ത്യയുടെ മികച്ച പാചകക്കാരിയായി മാറാൻ ആഗ്രഹിക്കുന്നതാണ് സിനിമ. അന്നപൂർണി മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടൊരു രംഗം ചിത്രത്തിലുണ്ടായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.
അതേസമയം സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പോലീസും കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്.
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.
















