കാരൂരിൽ നടനും ടിവികെ പാര്‍ട്ടി നേതാവുമായ വിജയ് നടത്തിയ റാലിയിലെ തിക്കിലും തിരക്കിലും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. നൂറിലധികം പേര്‍ പരുക്ക് പറ്റി ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതിനിടെ താരത്തിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നും സജീവമാണ്.
ഈ വിവാദങ്ങള്‍ക്കിടെയാണ് നടി കയാദു ലോഹറിന്റെ പേരും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കരൂര്‍ ദുരന്തത്തില്‍ കയാദുവിന്റെ പ്രതികരണം എന്ന തരത്തിലായിരുന്നു പ്രചരിക്കപ്പെട്ട പോസ്റ്റ്. എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി കയാദു ലോഹർ തന്നെ രംഗത്ത് എത്തി.
കരൂർ ദുരന്തത്തിൽ കയാദുവിന്റെ അടുത്ത സുഹൃത്ത് മരിച്ചെന്നും തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെ കയാദു രൂക്ഷമായി വിമര്‍ശിച്ചെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊക്കെയും വ്യാജമാണെന്ന് കയാദു ലോഹർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് കയാദു വാര്‍ത്തകളോട് പ്രതികരിച്ചത്.
എന്റെ പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട് എന്റേതല്ല. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ പ്രചരിക്കുന്നത് എന്റെ പ്രസ്താവനയുമല്ല. കരൂര്‍ റാലിയിലുണ്ടായ ദുരന്തത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു. കരൂരിൽ എനിക്ക് സുഹൃത്തുക്കളൊന്നുമില്ലെന്നും എന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഞാൻ വ്യക്തമാക്കുന്നു. ദയവായി ഈ തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം എന്റെ പ്രാർഥയുണ്ടെന്ന് ഒരിക്കൽക്കൂടി അറിയിക്കുന്നു.– കയാദു എക്സിൽ കുറിച്ചു.
കരൂര്‍ ദുരന്തത്തില്‍ കയാദു ലോഹറിന്റെ പ്രതികരണം എന്ന തരത്തിലായിരുന്നു പോസ്റ്റ് പ്രചരിക്കപ്പെട്ടത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കയാദുവും ടിവികെ പാര്‍ട്ടിയുടെ പതാകയും പോസ്റ്റിലുണ്ടായിരുന്നു.
കരൂരിൽ ജീവൻ നഷ്ടമായവര്‍ക്കും അവരുടെ കുടുംബത്തിനും എന്റെ അനുശോചനം അറിയിക്കുന്നു. കരൂര്‍ റാലിയില്‍ വച്ച് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ നഷ്ടമായി. വിജയ്, നിങ്ങളുടെ സ്റ്റാര്‍ഡം വളർത്താനുള്ള വസ്തുക്കളല്ല ജനങ്ങള്‍. ഇനിയും എത്ര ജീവന്‍ പോയാലാണ് നിങ്ങളുടെ വിശപ്പ് അടങ്ങുക എന്ന് കയാദു ലോഹർ പറഞ്ഞതായും പോസ്റ്റിലുണ്ടായിരുന്നു. ഒരു മില്യണിലധികം ആളുകളാണ് ഈ വ്യാജ വാർത്ത കണ്ടത്. വ്യാജ പ്രചരണം വൈറലായതിന് പിന്നാലെയാണ് കയാദു തന്നെ രംഗത്തെത്തിയത്.
















